സുഹൃത്തില്‍ നിന്ന് ഗര്‍ഭിണിയായ അവിവാഹിതയായ മകളെ നാണക്കേട് ഭയന്ന് അച്ഛന്‍ നദിയില്‍ മുക്കിക്കൊന്നു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ജൂലൈ 31നാണ് ഈ സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ തിഗ്രിയിലുള്ള ബസൗനി ഗ്രാമവാസിയായ 18കാരിയാണ് കൊല്ലപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തില്‍ നിന്നുമാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.
ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന് വിശ്വസിപ്പിച്ചാണ് 52കാരനായ അച്ഛനും ബന്ധുവും ചേര്‍ന്ന് പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആഗ്രയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം ചമ്പല്‍ നദിക്കരയിലെത്തിച്ച ഇവര്‍, വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാന്‍ മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകള്‍ ഇതിന് വഴങ്ങാതെ വന്നതോടെ അച്ഛനും ബന്ധുവും ചേര്‍ന്ന് അവളെ നദിയില്‍ മുക്കിക്കൊല്ലുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം ഡല്‍ഹിയിലെ വീട്ടില്‍ തിരിച്ചെത്തിയ പ്രതി, മകള്‍ ആഗ്രയില്‍ വെച്ച് അസുഖം ബാധിച്ച് മരിച്ചുവെന്നും അവിടെവെച്ചുതന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെന്നും അയല്‍വാസികളെ നുണപറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ അയല്‍വാസികളില്‍ ചിലര്‍ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തില്‍ മരിച്ച നിലയിലുള്ള മകളുടെ മൃതദേഹത്തിന്റെ കാലില്‍ പിടിച്ച് പ്രതി മാപ്പ് യാചിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായാല്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനം തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പൊലീസിനോട് വിശദമാക്കിയത്. സംഭവത്തില്‍ പ്രതികളായ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നദിയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.