കര്‍ക്കടക സംക്രമം : പരേതാത്മാക്കളുടെ ഓര്‍മ്മയ്ക്ക് തറവാടുകളില്‍ ‘ചത്തോര്‍ക്ക് വിളമ്പല്‍’ നടന്നു രാമായണ മാസാചരണത്തിന് തുടക്കമായി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടക സംക്രമ ദിവസമായ വ്യാഴാഴ്ച അടിച്ചുതളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് ഒരു മാസത്തേക്ക് നട അടച്ചു. കൂട്ടം അടിയന്തിരം, അടിച്ചുതളി സമാരാധ നേര്‍ച്ചകളും പതിവ് ചടങ്ങുകളും ഇനി ചിങ്ങം സംക്രമത്തിന് നടതുറന്ന ശേഷം പുനരാരംഭിക്കും. വയനാട്ടുകുലവന്‍ തറവാടുകളില്‍ പടിഞ്ഞാറ്റയില്‍ ‘ചത്തോര്‍ക്ക് വിളംബല്‍’ ചടങ്ങും നടന്നു. മരണപ്പെട്ടവരുടെ ഓര്‍മയ്ക്കായി സന്ധ്യാദീപത്തിന് ശേഷം പടിഞ്ഞാറ്റയില്‍ കൊടിയില നിരത്തി ചക്കരചോറും ഭക്ഷണവും വിളമ്പി പ്രാര്‍ത്ഥിച്ച ശേഷം വാതില്‍ കുറച്ചു നേരത്തേക്ക് അടച്ചുവെക്കുന്ന ചടങ്ങാണിത്. തറവാട്ടിലെത്തിയവര്‍ക്കെല്ലാം ഭക്ഷണവും ചക്കരചോര്‍ മധുരവും വിളമ്പി.

മിക്ക ക്ഷേത്രങ്ങളിലും ഇന്നലെ മുതല്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി പാരായണത്തിന് തുടക്കമിട്ടു. ചിങ്ങ സംക്രമം വരെ അവരവര്‍ക്ക് ഉചിതമായ സമയം തിട്ടപ്പെടുത്തി അധ്യായങ്ങള്‍ പാടി പൂര്‍ത്തിയാക്കും. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വൈകിട്ട് 5.50 മുതലാണ് പാരായണത്തിന് തുടക്കം. തിരുവക്കോളി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ രാവിലെ 9 മുതലാണ് പാരായണം. അതിന് ഇന്ന് ക്ഷേത്ര തിരുമുറ്റത്ത് തുടക്കമിട്ടു. ഉദുമ അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5.45നും, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വൈകീട്ട് 5.30 മുതലും , കരിപ്പോടി ശ്രീശാസ്ത വിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയും തിരുവക്കോളി തിരൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതലും രാമായണ പാരായണം നടക്കും. ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്ടില്‍ സന്ധ്യ മുതല്‍ 8.30 വരെ പാരായണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *