കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളില് സ്ത്രീകള്ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്ശിനി’ പദ്ധതി സംസ്ഥാനത്ത് നിലവില് വന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില് മുഖ്യമന്ത്രി വി.ഡി. സതീശന് പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു.സംസ്ഥാനത്തെ 3,125 ഓര്ഡിനറി ബസുകളിലാണ് സ്ത്രീകള്ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക.
കെഎസ്ആര്ടിസിയുടെ ഓര്ഡിനറി ബസുകളില് സ്ത്രീകള്ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി അര്ഹമായ ബസുകളുടെ സബ് ക്ലാസ് പട്ടിക അധികൃതര് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഓര്ഡിനറി വിഭാഗത്തില്പ്പെട്ട ഏഴ് തരം സര്വീസുകളിലാണ് ഈ സൗജന്യയാത്രാ സൗകര്യം ലഭ്യമാകുന്നത്. ഓര്ഡിനറി, സിറ്റി ഓര്ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്ഡിനറി, ടൗണ് ടു ടൗണ്, ഫെയര് സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓര്ഡിനറി, കൂടാതെ ഗ്രാമവണ്ടി എന്നീ സര്വീസുകളിലാണ് സ്ത്രീകള്ക്ക് സൗജന്യമായി യാത്ര ചെയ്യാന് സാധിക്കുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്കും ട്രാന്സ്ജെന്ഡറുകള്ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.