ആര്‍സിബിയുടെ വിജയരഹസ്യം അനുഷ്‌കയുടെ പ്രാര്‍ത്ഥനയോ? കൈവിരലിലെ രാധ നാമ മോതിരം വൈറല്‍!

സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഏറ്റവും വലിയ ആരാധകയും പിന്തുണയുമായി എന്നും കൂടെയുള്ളത് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയാണ്. കോഹ്ലിയുടെ മത്സരങ്ങളിലെല്ലാം ആവേശത്തോടെ ഗാലറിയില്‍ നിറസാന്നിധ്യമാകുന്ന അനുഷ്‌ക, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ മത്സരത്തിലും സജീവമായിരുന്നു. മത്സരത്തിനിടെ കോഹ്ലി പുറത്തായപ്പോള്‍ നിരാശയാകുന്നതും, ടീം വിജയിച്ചപ്പോള്‍ കോഹ്ലി ഓടിയെത്തി അനുഷ്‌കയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുന്നതുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

മത്സരത്തിനിടയിലെ ഈ വൈകാരിക നിമിഷങ്ങള്‍ക്കിടെ, അനുഷ്‌കയുടെ വിരലില്‍ അണിഞ്ഞിരുന്ന ഒരു മോതിരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മത്സരം പുരോഗമിക്കുമ്പോള്‍ ടീമിന്റെ വിജയത്തിനായി അനുഷ്‌ക മന്ത്രങ്ങള്‍ ജപിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ശ്രദ്ധിച്ചു. അത് രാധ നാമ ജപ കൗണ്ടര്‍ മോതിരമാണെന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ക്കിടയില്‍ അതൊരു വലിയ കൗതുകമായി മാറി.

പരമ്പരാഗത ജപമാലകള്‍ക്ക് പകരമായി ഉപയോഗിക്കുന്ന ഒരു ആധുനിക ഡിജിറ്റല്‍ ഉപകരണമാണിത്. വിരലില്‍ എളുപ്പത്തില്‍ ധരിക്കാവുന്ന ഈ ചെറിയ ഗാഡ്ജറ്റില്‍ ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേയും ബട്ടണുമുണ്ട്. ദൈവനാമങ്ങള്‍ ഉരുവിടുമ്പോള്‍ ഓരോ തവണയും ബട്ടണ്‍ അമര്‍ത്തി ജപങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. പ്രാര്‍ത്ഥനയെ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയ ഈ ചെറിയ ഉപകരണം ഇപ്പോള്‍ വലിയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

അനുഷ്‌ക ഈ മോതിരം അണിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ യഥാര്‍ഥ ‘ലക്കി ചാം’ അനുഷ്‌കയുടെ ഈ പ്രാര്‍ത്ഥനയാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്. മത്സരത്തിലുടനീളം അതീവ ഭക്തിയോടെ താരം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുകാലമായി വിരാട് കോഹ്ലിയും അനുഷ്‌കയും ആത്മീയ യാത്രകളില്‍ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇരുവരും വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിച്ചതു മുതലാണ് അനുഷ്‌ക ഡിജിറ്റല്‍ ജപ കൗണ്ടറുകള്‍ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ലൗകികമായ തിരക്കുകള്‍ക്കിടയില്‍ ആത്മീയതയ്ക്ക് സമയം കണ്ടെത്താന്‍ ഇവര്‍ കാണിക്കുന്ന താല്പര്യം ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *