രാജപുരം: കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറോനയ്ക്ക് കീഴിലുള്ള ചുള്ളിക്കര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് 10 ഞായറാഴ്ച തിരിതെളിയും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ജൂബിലി ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
1977-ല്‍ സ്ഥാപിതമായ ചുള്ളിക്കര ഇടവക അന്‍പതാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍, 2026 മെയ് മുതല്‍ 2027 മെയ് വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ ആത്മീയ-സാംസ്‌കാരിക-ജീവകാരുണ്യ പരിപാടികള്‍ സംഘടിപ്പിക്കും.
ഉദ്ഘാടനത്തിന്റെ മുന്നോടിയായി മേയ് 9 ന് കോളിച്ചാല്‍ മുതല്‍ ഒടയംചാല്‍ വരെ ജൂബിലി വിളംബര ജാഥ നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറയില്‍ നിന്നും ജൂബിലി കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പതാക ഏറ്റുവാങ്ങി 50 വാഹനങ്ങളുടെ അകമ്പടിയോടെ രാജപുരത്ത് നിന്നും ആരംഭിക്കുന്ന പതാക പ്രയാണം ചുള്ളിക്കര ദൈവാലയത്തിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ആഘോഷമായ വിശുദ്ധ കുര്‍ബാന മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ജൂബിലി തിരി തെളിയിക്കല്‍, ജൂബിലി ലോഗോ പ്രകാശനം, കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം.’ സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ഇടവക ധ്യാനങ്ങള്‍, ബൈബിള്‍ പഠന ക്ലാസ്സുകള്‍, ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആകാശ പറവകള്‍ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശനം, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യല്‍, രോഗി സന്ദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, യുവജന-കുടുംബ സംഗമങ്ങള്‍, ക്‌നാനായ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള കലാ-സാംസ്‌കാരിക മത്സരങ്ങള്‍, കുടുംബ സെമിനാറുകള്‍, ഇടവകയുടെ 50 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന സുവര്‍ണ്ണ ജൂബിലി സ്മരണിക പ്രകാശനം, പരിശുദ്ധ മാതാവിന്റെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇടവക തീര്‍ത്ഥയാത്ര എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടത്തും
ജൂബിലി സമാപന മഹാസമ്മേളനം 2027 മെയ് മാസത്തില്‍ സംഘടിപ്പിക്കുമെന്ന് വികാരി ഫാ: റോജി മുകളേല്‍, ജനറല്‍ കണ്‍വീനര്‍ ബേബി ഒഴുങ്ങാലില്‍, പാരീഷ് സെക്രട്ടറിതോമസ് കെ.ജെ, പ്രോഗ്രാം കണ്‍വീനര്‍
സജി എം.എ, ദൈവാലയ ട്രസ്റ്റി ടോമി കടമുറി, പില്‍ഗ്രീം കണ്‍വീനര്‍ ടോജി തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ ടി.യു മാത്യു എന്നിവര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.