വികസന കുതിപ്പിന്‍റെ പാതയില്‍ കൊല്ലം ടെക്നോപാര്‍ക്ക്

കൊല്ലം: രാജ്യത്തെ തന്നെ ആദ്യത്തെ ലേക്ക് സൈഡ് ഐടി പാര്‍ക്കായ കൊല്ലം ടെക്നോപാര്‍ക്ക് (ഫേസ് -5), കേരളത്തിന്‍റെ ഐടി ഭൂപടത്തില്‍ വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണ്. മെട്രോ നഗരങ്ങളിലെ തിരക്കുകളില്‍ നിന്ന് മാറി അഷ്ടമുടിക്കായലിന്‍റെ ശാന്തമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ കാമ്പസ്, ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 
ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ‘അഷ്ടമുടി’ ഐടി കെട്ടിടം ആധുനിക സൗകര്യങ്ങളാല്‍ സമ്പന്നമാണ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ലീഡ് ഗോള്‍ഡ്  സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ 17 ഓളം കമ്പനികളിലായി അഞ്ഞൂറ്റിയമ്പതിലധികം  ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രത്യേക സാമ്പത്തിക മേഖലയില്‍ (SEZ-സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍) ആണ് കാമ്പസ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആംഫി തിയേറ്റര്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവ ക്യാമ്പസിനെ ഒരു സമ്പൂര്‍ണ്ണ ‘ലൈവ്-വര്‍ക്ക്-പ്ലേ’ ആവാസവ്യവസ്ഥയാക്കി മാറ്റും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഏറെ പ്രയോജനകരമായ രീതിയില്‍ 8 മുതല്‍ 25 സീറ്റുകള്‍ വരെയുള്ള സ്മാര്‍ട്ട് ബിസിനസ് സെന്‍ററുകള്‍ ഇവിടെ പ്ലഗ്-ആന്‍ഡ്-പ്ലേ സൗകര്യത്തോടെ ലഭ്യമാണ്.
കാമ്പസിന്‍റെ ചുറ്റുമുള്ള അക്കാദമിക് സ്ഥാപനങ്ങള്‍ കൊല്ലം ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പിന്തുണയാണ് നല്‍കുന്നത്. പ്രശസ്തമായ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനടുത്തായി സ്ഥിതി ചെയ്യുന്നതിനാല്‍, സാങ്കേതിക വൈദഗ്ധ്യമുള്ള ബിരുദധാരികളെ കമ്പനികള്‍ക്ക് ലഭ്യമാകുന്നു. ഇതിനൊപ്പം നാട്ടില്‍ തന്നെ മികച്ച ശമ്പളത്തോടു കൂടിയുള്ള തൊഴിലവസരവും ലഭിക്കുന്നു. കൂടാതെ, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ് മുതല്‍ എഐ വരെയുള്ള മേഖലകളില്‍ പ്രാഗത്ഭ്യമുള്ള മികച്ച തൊഴില്‍വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകളുടെ സാന്നിധ്യം ഇവിടത്തെ ഐടി ഇക്കോസിസ്റ്റത്തെ കൂടുതല്‍ ശക്തമാക്കുന്നു. കുറഞ്ഞ ചെലവില്‍ ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള കമ്പനികള്‍ക്ക് കൊല്ലം ടെക്നോപാര്‍ക്ക് മികച്ച നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.


ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും കുണ്ടറയിലെ ഈ കാമ്പസ് ഏറെ മുന്നിലാണ്. കൊല്ലം നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക് റോഡ്, റെയില്‍ പാതകള്‍ വഴി എളുപ്പത്തില്‍ എത്തിച്ചേരാനാകും. സംസ്ഥാനത്തെ ഏറ്റവും പ്രധാനമുള്ള രണ്ട് റോഡുകളായ എംസി റോഡ്, ദേശീയപാത 66 എന്നിവയില്‍ നിന്ന് തുല്യ ദൂരത്തിലാണ് കൊല്ലം ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന ജീവനക്കാരുടെ സൗകര്യാര്‍ത്ഥം കുണ്ടറ ജംഗ്ഷനില്‍ നിന്നും മറ്റും ശനിയാഴ്ചകള്‍ ഉള്‍പ്പെടെ പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, ഫയര്‍ സ്റ്റേഷന്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ബീച്ച് എന്നിവ പാര്‍ക്കിന്‍റെ വളരെ സമീപത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *