അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം
കര്‍ഷക ക്ഷേമത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറങ്ങി. അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. കേരളത്തിലെ ലക്ഷക്കണക്കിന് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്നും സിയാല്‍ മാതൃകയില്‍ റബ്ബര്‍ കമ്പനി ആരംഭിക്കുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നു.നെല്‍ കര്‍ഷകര്‍ക്കായി സംഭരണ വില 35 രൂപയായി വര്‍ദ്ധിപ്പിക്കുകയും തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്യും. നാളികേരത്തിന്റെ താങ്ങുവില ഉയര്‍ത്തുന്നതിനൊപ്പം സംസ്ഥാനത്തുടനീളം കൂടുതല്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കുടിയേറ്റ കര്‍ഷകര്‍ നേരിടുന്ന ഭൂപ്രശ്‌നങ്ങളിലും കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളിലും കര്‍ഷക താല്‍പ്പര്യം സംരക്ഷിച്ച് സമയബന്ധിതമായി പരിഹാരം കാണുമെന്നും മുന്നണി പ്രഖ്യാപിച്ചു.