മകനെ വഴക്കുപറഞ്ഞ അധ്യാപകന് നേരെ ആക്രമണം; മദ്യലഹരിയില്‍ വീട്ടില്‍ക്കയറി മര്‍ദിച്ച് യുവാവ്

മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ശരത്, അധ്യാപകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു

ഇടുക്കി: ചെറുതോണിയില്‍ ഒന്നാം ക്ലാസ്സുകാരനായ മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച് അധ്യാപകനെ വീട്ടില്‍ക്കയറി മര്‍ദിച്ചു. പുഷ്പഗിരി കളരിക്കല്‍ ലിന്‍സ് ജോര്‍ജി (37) നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പുഷ്പഗിരി മാക്കല്‍ ശരത് ശശിക്കെതിരെ (28) പോലീസ് കേസെടുത്തു. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ശരത്, അധ്യാപകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രതിയായ ശരത്തിനെ മുന്‍പ് ട്യൂഷന്‍ പഠിപ്പിച്ചിരുന്നതും ഇതേ അധ്യാപകനായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ലിന്‍സ് ജോര്‍ജിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *