ദമ്പതികള്‍ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും നാല് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്നും പോലീസ് അറിയിച്ചു
കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത നടുക്കമുണ്ടാക്കുന്നു. മഹാരാഷ്ട്ര സ്വദേശിയായ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പകല്‍സമയത്ത് റോഡിന് നടുവില്‍ വെച്ചാണ് പ്രതിയായ അക്ഷയ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികള്‍ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും നാല് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്നും പോലീസ് അറിയിച്ചു.തീര്‍ത്ഥാടന കേന്ദ്രമായ ഗനഗപുരയിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബല്ലുര്‍ഗ ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കാറിനുള്ളില്‍ വെച്ച് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ അക്ഷയ് യുവതിയെ കാറില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. റോഡില്‍ വീണ യുവതിയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് പരിക്കേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രതി യുവതിയെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുന്നതും ചവിട്ടുന്നതും വ്യക്തമാണ്. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇടപെട്ട് അക്ഷയ്യെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും യുവതിയെ തിരികെ കാറില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ അവിടെനിന്നും കാര്‍ ഓടിച്ചുപോയ പ്രതി, തൊട്ടടുത്തുള്ള വെളിമ്പ്രദേശത്ത് വെച്ച് യുവതിയെ വീണ്ടും പുറത്തേക്ക് തള്ളിയിടുകയും ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി കൊലപ്പെടുത്തുകയുമായിരുന്നു.