പാലക്കുന്ന് : ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യുന്നത് വീഡിയോയില്‍ കണ്ട നാള്‍ മുതല്‍ തന്റെയും മുടി നല്‍കണമെന്നത് രണ്ടാം ക്ലാസുകാരി ശ്രീയ രമേഷിന്റെ ആഗ്രഹമായിരുന്നു. കരിപ്പോടി ചാളക്കാല്‍ ഹൗസിലെ അച്ചന്‍ രമേഷും അമ്മ സവിതയും കരിപ്പോടി എ എല്‍ പി സ്‌കൂള്‍ പ്രധാനധ്യാപിക പി. ആശയെ ഈ വിവരം അറിയിച്ചു. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ‘കേശദാനം സ്‌നേഹദാനം’ എന്ന പദ്ധതിയുടെ ഭാഗമായി തന്റെ 40 സെന്റിമീറ്റര്‍ നീളമുള്ള മുടി സംസ്ഥാന രക്തദാന ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കൈമാറിയ സന്തോഷത്തിലാണ് ശ്രീയ . സംസ്ഥാന കമ്മിറ്റിയംഗം അനിതാ രാജ് മുടി ഏറ്റുവാങ്ങി. കുട്ടിയെ സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. പ്രധാനധ്യാപിക പി.ആശ, ശ്രേയസ്, അനിതാ രാജ്, സവിതാ രമേഷ്, സഹോദരന്‍ ശ്രേയസ്സ് എന്നിവരും പങ്കെടുത്തു.