പൂട്ടുപൊളിച്ച് മോഷണം; നിരവധി കേസുകളിലെ പ്രതിയായ 17-കാരന്‍ പിടിയില്‍

കാസര്‍കോട്: നീലേശ്വരത്ത് കടകളുടെ പൂട്ടുപൊളിച്ച് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടത്തിയ സംഭവത്തില്‍, നിരവധി മോഷണക്കേസുകളില്‍ പ്രതിയായ 17 വയസ്സുകാരനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊട്ടുമ്പുറം മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള മോഷണങ്ങള്‍ നടന്നത്.

കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറിസ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറിക്കട എന്നിവിടങ്ങളിലാണ് കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നത്. പച്ചക്കറിക്കടയുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉടന്‍തന്നെ നീലേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആളുകളെ കണ്ട മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ 17-കാരനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കടകളില്‍ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു. നീലേശ്വരം എസ്.ഐ കെ.വി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *