രാജപുരം: തെരുവു നായകളുടെ ശല്യം രൂക്ഷമാകുന്നത് സ്‌കൂള്‍ കുട്ടികളുടേയും നാട്ടുകാരുടേയും ജീവന് ഭീഷണിയാകുന്നു. തെരുവു നായ്ക്കളെ പേടിച്ച് കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ മടിക്കുന്നു. അടുത്ത ദിവസങ്ങളില്‍ തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുകയും കൂടി ചെയ്ത സാഹചര്യത്തില്‍ രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളിലെ അദ്ധ്യാപകരും പി ടി.എ പ്രതിനിധികളും ചേര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.

സ്‌കൂളിന്റെ വാതില്‍ പടിക്ക് സമീപം തന്നെ ഒട്ടനവധി തെരുവ് നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ് സ്ഥിരം. കുട്ടികള്‍ക്ക് റോഡിലിറങ്ങാനോ ഭക്ഷണം കഴിച്ച് പാത്രം കഴുകാന്‍ പോകാന്‍ പോലും പേടിച്ചിരിക്കുന്ന അവസ്ഥയാണിപ്പോള്‍. ടൗണില്‍ ബസ്സ് ഇറങ്ങി സ്‌കൂളിലേക്ക് നടന്നു പോകാന്‍ തന്നെ ഭിതിയിലാണ് കുട്ടികള്‍. ഈ രീതിയില്‍ ആണെങ്കില്‍ എന്ത് സുരക്ഷിതത്വത്തിലാണ് കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞ് വിടെണ്ടതെന്ന് രക്ഷിതക്കള്‍ ചോദിക്കുന്നു. ഇതിന് എത്രയും പെട്ടന്ന് ബന്ധപ്പെട്ട അധികാരികള്‍ പരിഹാരം കാണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.