മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം 3 പേര്‍ പിടിയില്‍

കൊല്ലം: മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയില്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് ചടയമംഗലത്തെ മൊബൈല്‍ ഷോപ്പിന്റെ പിന്‍ഭാഗം തകര്‍ത്ത് കവര്‍ച്ച നടന്നത്. അമ്പതോളം മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തില്‍ കല്ലമ്പലം സ്വദേശികളായ അല്‍ അമീന്‍, മുഹമ്മദ് ആഷിക്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ജസീം ഇപ്പോഴും ഒളിവിലാണ്. പ്രതിക്ക് വേണ്ടി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഒന്നാം പ്രതിയായ ജസീമും അല്‍ അമീനും ചേര്‍ന്നാണ് കടയ്ക്കുള്ളില്‍ കയറി മോഷണം നടത്തിയത്. ഇവര്‍ മോഷ്ടിച്ച സാധനങ്ങള്‍ പുറത്ത് കാറില്‍ കാത്തുനിന്ന സഹായികള്‍ക്ക് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും ഫോണുകളും ജസീമിന്റെ ഉടമസ്ഥതയിലുള്ള കല്ലമ്പലത്തെ പഞ്ചര്‍ കടയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *