കോഴിക്കോട്: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങവേ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. കാലിന്റെ വിരലിന് പരുക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ യശ്വന്ത്പൂര്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു. സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുന്നതിനിടെ ബാബുവിന്റെ കാലിന്റെ പെരുവിരലില്‍ എലി കടിക്കുകയായിരുന്നു. തിരൂരില്‍ ഇറങ്ങിയ മറ്റൊരാള്‍ക്കും എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഉടന്‍ റെയില്‍വെ അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കി. കോച്ചില്‍ വൃത്തിഹീന സാഹചര്യമായിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബാബു അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്‌സിന്‍ എടുത്തു.