വിനോദയാത്രയല്ല വലുത്; ഞങ്ങളുടെ കരളാണ്. ചികിത്സാ സഹായ സമിതി രൂപീകരണ യോഗത്തില്‍ സഹായ പ്രവാഹം

കരിവെള്ളൂര്‍ : കരളായ ചങ്കിന് കരളേകാന്‍ വിനോദയാത്രയ്ക്ക് വേണ്ടി മാറ്റി വെച്ച തുക മുഴുവനും നല്‍കി ആണൂര്‍ ബാഡ് ബോയ്‌സ്. പേരില്‍ ബാഡാണെങ്കിലും പ്ര വൃത്തിയില്‍ നന്മ കാണിക്കുന്ന ഇവര്‍ പ്രിയ ചങ്ങാതിയും കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആണൂരിലെ ടി.വി. സുജീഷിന്റെ ‘ജീവന്‍ രക്ഷിക്കാനാണ് വിനോദയാത്രയ്ക്ക് മാറ്റി വെച്ച മുഴുവന്‍ തുകയും ചികിത്സാ സമിതി രൂപീകരണ യോഗത്തില്‍ വെച്ച് നല്‍കിയത്.ഒരു ലക്ഷം രൂപയാണ് ഇവര്‍ തങ്ങളുടെ കൂടപ്പിറപ്പിനായി സമ്മാനിച്ചത്. ലിവര്‍ സിറോസിസ് ബാധിച്ച സുജീഷിന്റെ കരള്‍ മാറ്റി വെക്കാന്‍ നാല്പത് ലക്ഷം രൂപയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സമാഹരിക്കാന്‍ തീരുമാനിച്ചത്.
കരിവെള്ളൂര്‍ ആണൂരില്‍ താമസിക്കുന്ന കാലിക്കടവിലെ ഹോട്ടല്‍ വ്യാപാരി ടി വി സുരേഷിന്റെയും അച്ചാംതുരുത്തി സ്വദേശിനി ടി വി ചിത്രയുടെയും മൂത്ത മകനായ ടി വി സുജീഷിന്റെ ചികിത്സാ സഹായ സമിതി രൂപീകരണ യോഗത്തിലാണ് ബാഡ് ബോയ്‌സ് കൂട്ടായ്മ ഒരു ലക്ഷം രൂപ നല്‍കി സാമ്പത്തിക സമാഹരണത്തിന് തുടക്കമിട്ടത്. ചെന്നൈയില്‍ സോഫ്ട് എഞ്ചിനീയറായ സുജീഷടക്കം 14 പേരടങ്ങുന്നതാണ് ബാഡ് ബോയ്‌സ്. ദുബായില്‍ ജോലി ചെയ്യുന്ന പ്രസൂണിനെ പുറമെ ബാക്കി പന്ത്രണ്ട് പേരും 20 നും 30 നും ഇടയില്‍ പ്രായമുള്ള സാധാരണ തൊഴിലാളികളാണ്. സുജീഷിന്റെ സഹപാഠികളായ ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2009 ബാച്ച് 101550 രൂപ കൈമാറി. മാണിയാട്ട് സണ്‍ഡേ കൂട്ടായ്മയടക്കം വിവിധ സംഘങ്ങള്‍ ചേര്‍ന്ന് അറുപതിനായിരം രൂപ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. രാഘവന് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എവി ലേജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ വി രമണി അധ്യക്ഷയായി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മലപ്പില്‍ സുകുമാരന്‍, എം വി കോമന്‍ നമ്പ്യാര്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് അച്ചാംതുരുത്തി വാര്‍ഡ് മെമ്പര്‍ ടി വി ശ്രീജിത്ത്,
പി വി ചന്ദ്രന്‍ മാസ്റ്റര്‍, കെ രമേശന്‍ ,യു ബാബു, ഡോ. എം വി വിജയകുമാര്‍,, ടി വി ബാലന്‍, കെ രവി , കെ മോഹനന്‍, എ പ്രസന്ന, വി വി പ്രദീപന്‍,സി പി രാജന്‍, ടി വി ബാബു ,കൊടക്കാട് നാരായണന്‍ സംസാരിച്ചു. ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ പി പി ഭരതന്‍ ( പ്രസി) സി പി രാജന്‍ ( സെക്രട്ടറി) കൊടക്കാട് നാരായണന്‍ ( ട്രഷറര്‍)

Leave a Reply

Your email address will not be published. Required fields are marked *