കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകള്‍ ശക്തമാക്കി വാണിജ്യ മന്ത്രാലയം

കുവൈത്ത്: രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മാര്‍ക്കറ്റ് നിരീക്ഷണത്തിനിടയില്‍ മൊത്തവ്യാപാര വിപണിയില്‍ പരിശോധനാ പര്യടനം നടത്തി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അല്‍-അന്‍സാരി. ബുധനാഴ്ച ഷുവൈഖ് പ്രദേശത്തെ മൊത്തവ്യാപാര വിപണിയിലാണ് പരിശോധനാ പര്യടനം നടത്തിയത്. ഭക്ഷ്യ സ്റ്റോക്ക് നിലവാരം വിലയിരുത്തുന്നതിനും വിപണിയില്‍ അവശ്യവസ്തുക്കളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം.

പര്യടനത്തിനിടെ, കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കള്‍, ടിന്നിലടച്ച ഭക്ഷ്യ സാധനങ്ങള്‍ എന്നിവയുടെ വിതരണം അല്‍-അന്‍സാരി പരിശോധിച്ചു. വിപണി പ്രവര്‍ത്തനം സുസ്ഥിരമാണെന്നും കമ്പനി വെയര്‍ഹൗസുകള്‍ നന്നായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അസാധാരണമായ ഉപഭോക്തൃ പിന്‍വലിക്കലുകള്‍ ഇല്ലെന്നും വില്‍പ്പനക്കാര്‍ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ അവശ്യവസ്തുക്കളും എളുപ്പത്തില്‍ ലഭ്യമാണെന്നും അവര്‍ ഉറപ്പുനല്‍കി.

കൂടാതെ, പൊതുജനവിശ്വാസം വര്‍ധിപ്പിക്കുന്നതിനും സ്ഥിരമായ ഉല്‍പ്പന്ന ലഭ്യത നിലനിര്‍ത്തുന്നതിനുമുള്ള മുന്‍കരുതല്‍ നടപടിയായി, വരും ദിവസങ്ങളില്‍ ജലവിതരണ കമ്പനികള്‍ വിപണിയിലേക്ക് അധിക അളവില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ അമിതമായി വാങ്ങി സ്റ്റോക്ക് ചെയ്യുന്ന പ്രവണത മുന്നില്‍ കണ്ടാണ് വിലക്കയറ്റമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി മന്ത്രാലയം ഇടപെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *