മഴ ചാറ്റലിന്റെ അലോസരപ്പെടുത്തലൊന്നും
വീട്ടുകോലായയില്‍ ഒത്തുചേര്‍ന്നവരുടെ പയമപറച്ചിലും പായാരം പറച്ചിലിനും തടസ്സമായില്ല…കുഞ്ഞുമക്കളുടെ കുത്തിവെയ്പ് കാര്യം തൊട്ട് മഴയോടൊപ്പം എത്തുന്ന പകര്‍ച്ചവ്യാധികള്‍ വരെ കോലായക്കൂട്ടത്തിന്റെ സംവാദ വിഷയങ്ങളായി.
കാസര്‍കോട് ജില്ലാ പഞ്ചായത്തും കോടോം ബേളൂര്‍ഗ്രാമപഞ്ചായത്തും ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച കോലായക്കൂട്ടമാണ് ആരോഗ്യസംവാദത്തിന്റെയും ആഘോഷങ്ങളുടെയും
അവിസ്മരണീയ അനുഭവമായി മാറിയത്.
ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പെണ്‍കുട്ടികള്‍ക്കായി എച്ച്.പി.വി വാക്‌സിനേഷന്‍ നല്‍കുന്ന കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് തായന്നൂരില്‍ കോലായക്കൂട്ടം സംഘടിപ്പിച്ചത്.
അതോടൊപ്പം ജീവിതശൈലി രോഗ നിയന്ത്രണം പകര്‍ച്ചവ്യാധി പ്രതിരോധം ,ദേശീയ ബധിരത നിര്‍മാര്‍ജന പരിപാടി ,അന്ധതനിര്‍മാര്‍ജന പരിപാടി, കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടി, എം.ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ എന്നിവയെക്കുറിച്ചൊക്കെയും സംവാദത്തില്‍ ചര്‍ച്ച ചെയ്തു.ലോക ഹൈപ്പടെന്‍ഷന്‍ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനവും വിവിധ രോഗങ്ങള്‍ കണ്ടെത്താനുള്ള സ്‌ക്രീനിംഗ് ക്യാമ്പും കോലായക്കൂട്ടത്തില്‍ വെച്ച് നടത്തപ്പെട്ടു.
ജനപ്രതിനിധികളായ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീജ പി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ദാമോദരന്‍ പി, ആരോഗ്യ കാര്യസ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എന്‍ എസ്,ഗ്രാമ പഞ്ചായത്തംഗം രാജീവന്‍ ചീരോല്‍ എന്നിവര്‍ കോലായക്കൂട്ടത്തില്‍ പങ്കെടുത്തു.
ഒത്തുകൂടിയിരുന്നവരോട് ആരോഗ്യ സന്ദേശങ്ങളുടെ ലളിത വാചകങ്ങളും ആയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ സന്തോഷ് ബി,ഡോക്ടര്‍ ബേസില്‍ വര്‍ഗീസ്, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്യാം മോഹന്‍,ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍,ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍,ജില്ലാ ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹസീബ് പി. പി ,ജില്ലാ ഒഫ് താല്‍മിക് കോര്‍ഡിനേറ്റര്‍ ജെയിന്‍ ഷൈനി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് സി ഫിലിപ്പ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി വി മഹേഷ് കുമാര്‍,ജിഷ പി. കെ ,പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ശോഭന കെ. എസ്, ഓഡിയോളജിസ്റ്റ് രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
കലാരൂപങ്ങളായ മംഗലം കളിയും തിരുവാതിരയും കൈകൊട്ടിക്കളിയും ഒപ്പനയും നാട്ടറിവ്പാട്ടുകളുമെല്ലാം കോലായക്കൂട്ടത്തിന്റെ മാറ്റ് കൂട്ടി..ഒരു നാട് ഒന്ന് ആകെ ഒഴുകിയെത്തിയ അവിസ്മരണീയ അനുഭവമായി മാറുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ തായന്നൂരിലെ കോലായക്കൂട്ടം.