പാലക്കുന്ന് : പശ്ചിമ ആഫ്രിക്കന്‍ തീരത്ത് എണ്ണക്കപ്പലില്‍ നിന്ന് കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി ബന്ദി കളാക്കിയ 10 ജീവനക്കാരില്‍ കാസര്‍കോട് ജില്ലക്കാരനും. തച്ചങ്ങാട് കോട്ടപ്പാറയില്‍ താമസിക്കുന്ന സചീന്ദ്രനോടൊപ്പം എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരു നാവികനും പെടും. പശ്ചിമ ആഫ്രിക്കയിലെ ടോഗോ രാജ്യത്തിലെ ലിമോ എന്ന തുറമുഖത്ത് നിന്ന് മധ്യ ആഫ്രിക്കന്‍ ഭാഗത്തെ കമറൂണിലേക്ക് പുറപ്പെട്ട ‘ബിറ്റു റിവര്‍’ എന്ന എണ്ണ കപ്പലില്‍ 17 ന് രാത്രി 12 മണിയോടെ കൊള്ളക്കാര്‍ നുഴഞ്ഞു കയറി എന്നാണ് അറിയാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ അടക്കം 14 പേരുള്ള കപ്പലില്‍ നിന്ന് 34 വയസ്സുള്ള സചീന്ദ്രന്‍ അടക്കം 10 ജീവനക്കാരെ കടല്‍ കൊള്ളസംഘം റാഞ്ചിയ ശേഷം ബന്ദികളാക്കി ബോട്ടില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. പാനമ രജിസ്ട്രേഷനുള്ള ബിറ്റു റിവര്‍ എന്ന കപ്പല്‍ ഓയില്‍ ടാങ്കര്‍ വിഭാഗത്തില്‍ പെടുന്നതാണെങ്കിലും ദ്രാവക രൂപത്തിലുള്ള ബിറ്റുമെന്‍ (പെട്രോളിയത്തില്‍ നിന്ന് കിട്ടുന്ന ടാര്‍ രൂപത്തിലുള്ള വസ്തു) സ്ഥിരമായി ചരക്കായി കയറ്റുന്ന കപ്പലാണിത്. 16500 മെട്രിക്ടണ്‍ കേവു ഭാരമുള്ള ഈ കപ്പല്‍ 2022 ല്‍ ചൈനയിലാണ് പണിതീര്‍ത്തത്. റൂബിസ് എന്ന് പേരുള്ള കമ്പനിക്കു വേണ്ടി മുംബൈയിലെ മാരിടെക് മാനജ്മെന്റ് ഏജന്‍സിയില്‍ നിന്ന് 18 നാണ് ഫോണിലൂടെ ബന്ദിയാക്കപ്പെട്ട വിവരം സചീന്ദ്രന്റെ ഭാര്യയെ അറിയിച്ചത്. സചീന്ദ്രന്‍ കപ്പലിലെ കാറ്ററിംഗ് വിഭാഗത്തില്‍ ചീഫ് കുക്കാണ്. അച്ഛന്‍ ഭാര്‍ഗവന്‍ ബേക്കല്‍ സ്വദേശിയാണ്.
കപ്പലിനെ ഒഴിവാക്കി ജീവനക്കാരെ
ബന്ദികളാക്കുന്നത് അപൂര്‍വം
ലോകത്തെവിടെനിന്നും കപ്പലുകളില്‍ നിന്ന് അനിഷ്ട സംഭവങ്ങള്‍ കേള്‍ക്കേണ്ടി വന്നാല്‍ അതില്‍ ഒരാളെങ്കിലും കാസര്‍കോട് ജില്ലയില്‍ നിന്ന് ഉണ്ടായിരിക്കും എന്ന പതിവ് പല്ലവി ശരിയാണെന്നു ആവര്‍ത്തിക്കുന്ന വാര്‍ത്തയാണിത്. കപ്പലില്‍ നിന്ന് കാണാതാവുക, അപകടത്തില്‍ പെട്ട് മരിക്കുക, കപ്പല്‍ റാഞ്ചല്‍, കപ്പല്‍ മുങ്ങി മരിക്കുക തുടങ്ങിയ സംഭവങ്ങള്‍ ജില്ലയ്ക്ക് പുതു വാര്‍ത്തയല്ല. കടല്‍ കൊള്ളക്കാര്‍ കപ്പലില്‍ കയറി ജീവനക്കാരെ മാത്രം ബന്ദികളാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടി കൊണ്ടു പോകുന്ന സംഭവം ഏറെ പുതുമയുള്ളതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കപ്പല്‍ ജീവനക്കാരുള്ള ജില്ലയാണിത്. പ്രാദേശിക തലത്തില്‍ സ്വതന്ത്രമായി സംഘടിച്ച് സ്വന്തമായി സ്ഥലവും കെട്ടിടവും ഓഫീസുമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ മര്‍ച്ചന്റ്‌നേവി ക്ലബ്ബും ഈ ജില്ലയിലാണ്. പാലക്കുന്ന് ടൗണില്‍ പ്രവര്‍ത്തിക്കുന്ന കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് നിലവില്‍ വന്നിട്ട് 30 ല്‍ ഏറെ വര്‍ഷമായി. ജില്ലയിലെ ഭൂരിപക്ഷം നാവികാര്‍ക്കും കപ്പല്‍ യാത്രക്കിടെ വിവിധങ്ങളായ അനിഷ്ടം സംഭവങ്ങള്‍ നേരിട്ടവരാണ്. എങ്കിലും ബിറ്റു റിവര്‍ കപ്പലില്‍ നടന്ന പോലുള്ള സംഭവങ്ങള്‍ അപൂര്‍വ മായിരിക്കാം. കടല്‍ കൊള്ളക്കാരുടെ ഭീഷണിയുള്ള ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊള്ളക്കാര്‍ കപ്പലില്‍ കയറാതെ കരുതിയിരിക്കാനുള്ള സംവിധാനങ്ങളും രാത്രി സമയങ്ങളില്‍
ലുക്ക് ഔട്ടും പതിവാണിപ്പോള്‍ എന്നിരിക്കെ കടല്‍കൊള്ളയ്ക്ക് കുപ്രസിദ്ധമായ ആഫ്രിക്കന്‍ തീരത്തിലൂടെയുള്ള ബിറ്റു റിവര്‍ എന്ന കപ്പലിന്റെ ഭാഗത്ത് സുരക്ഷ വീഴ്ച ഉണ്ടായിരുന്നുവെന്ന്
പഴി ചാരാന്‍ എളുപ്പമാണ്.
ലക്ഷ്യം ഭീമമായ മോചനദ്രവ്യം
ഇപ്പോള്‍ പശ്ചിമ ആഫ്രിക്കന്‍ തീരത്ത് നടന്ന ജീവനക്കാരെ ബന്ദികളാക്കിയതി ലൂടെ കൊള്ളക്കാര്‍ ലക്ഷ്യമിടുന്നത് ഭീമമായ മോചനദ്രവ്യമാണെന്നതില്‍ സംശയം വേണ്ട. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്. കപ്പല്‍ ഉടമയുമായി വിലപേശല്‍ ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാം. ബോള്‍ ഇപ്പോള്‍ റാഞ്ചികളുടെ കോര്‍ട്ടിലാണ്. ജീവന ക്കാരെ മോചിപ്പിക്കേണ്ടത് കമ്പനിയുടെ
നിരുപാധിക ബാധ്യതയാകുമ്പോള്‍ റാഞ്ചികളുടെ ഭീഷണികള്‍ക്ക് കമ്പനിക്ക് വഴങ്ങേണ്ടിവരും. ആ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിലൂടെ ബന്ദി കളെ കീഴ്‌പ്പെടുത്തി ജീവനക്കാരെ മോചിപ്പിക്കാന്‍ സാധിച്ചാല്‍ അതൊരു നേട്ടമായിരിക്കും. പക്ഷേ മിക്ക ആഫ്രിക്കന്‍ രാജ്യ ഭരണകൂടങ്ങള്‍ അതിനായി ശ്രമിച്ച കഥകള്‍ വിരളമാണ്.
നമുക്ക് കാത്തിരിക്കാം, പ്രാര്‍ത്ഥിക്കാം സചീന്ദ്രന്റെയും സഹ പ്രവര്‍ത്തകരുടെയും മടക്കയാത്രയ്ക്കായി.
തയ്യാറാക്കിയത്:
പാലക്കുന്നില്‍ കുട്ടി
പ്രസിഡന്റ്, കോട്ടിക്കുളം മര്‍ച്ചന്റ് നേവി
ക്ലബ്