സഹജീവനം സ്‌നേഹഗ്രാമം രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും

സഹജീവനം സ്‌നേഹഗ്രാമം രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കാന്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പീച്ച് തെറാപ്പിക്ക് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങള്‍, ലാബുകള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 50 പേരെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഒരു കെയര്‍ ഹോം, ഐ ലീഡ് പദ്ധതിയുമായി ചേര്‍ന്നുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി തൊഴിലധിഷ്ഠിത കോഴ്സ് പരിശീലന കേന്ദ്രം എന്നിവയാണ് ഒരുക്കുക. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹികനീതി വകുപ്പ് ജില്ലാ മേധാവി ആര്യ പി രാജ്, യു.എല്‍.സി.സി.എല്‍ പ്രധിനിധികള്‍, സഹജീവനം സ്‌നേഹഗ്രാമം മാനേജര്‍ പി സുരേശന്‍ പങ്കെടുത്തു.

സഹജീവനം സ്‌നേഹഗ്രാമം’ പദ്ധതി ഇങ്ങനെ

സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ‘സഹജീവനം സ്‌നേഹ ഗ്രാമം’ ഉദ്ഘാടനം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു 2024 ഫെബ്രുവരി 29ന് നിര്‍വ്വഹിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

2022 മെയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമ പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. നാല് പ്രധാന ഭാഗങ്ങള്‍/ ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. 25 ഏക്കര്‍ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയത്.

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള ഫോസ്റ്റര്‍ കെയര്‍ ഹോമാണ് ആദ്യത്തേത്. 18-20 വയസ്സില്‍ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തില്‍ ആ ചുറ്റുപാട് സൃഷ്ടിക്കാനാണ് ഈ ഘടകം. അഞ്ച് ബെഡ് റൂം ഉള്ള നാലു വാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ടോയിലറ്റ്, പൂന്തോട്ടം മുതലായവയാണ് ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *