മയക്കുമരുന്ന് കേസില്‍ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്തിടെ പിടിയിലായ 10 കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തില്‍ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ മാസം, ചെന്നൈയിലെ മുകപ്പര്‍ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫോണ്‍ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ അഞ്ച് കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസില്‍ 10 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ജെജെ നഗര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അന്വേഷണത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയും കഞ്ചാവ് മാത്രമല്ല, മെത്താംഫെറ്റാമിന്‍ ഇനം മയക്കുമരുന്നും വില്‍പന നടത്തിയിരുന്നതായും കണ്ടെത്തി.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കഞ്ചാവ് വാങ്ങിയത് ആരാണെന്ന് കണ്ടെത്തുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലക്കിന്റെ ഫോണ്‍ നമ്പറും മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ്.