ഗള്‍ഫിലെ ‘കളിയാട്ട മഹോത്സവ’ത്തിനെതിരെ വ്യാപക പ്രതിഷേധം ; ആചാരങ്ങളെ അവഹേളിക്കുന്ന കോലധാരികള്‍ അനുഷ്ഠാനങ്ങളെ തെരുവിലിറക്കുന്നുവെന്ന് ആക്ഷേപം

പാലക്കുന്ന് : ഉത്തര മലബാറിലെ വിവിധ സമുദായ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിച്ചു വരുന്ന തെയ്യങ്ങളെയും തിറകളെയും വിദേശ രാജ്യങ്ങളില്‍ ചെന്ന് കെട്ടിയാടുന്ന ചില കോലധാരികളുടെ അവിശുദ്ധ നടപടിയില്‍ കോലത്തുനാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു. യു എ ഇ ലെ അജ്മാനില്‍ കഴിഞ്ഞ ദിവസം നടന്ന ‘കളിയാട്ടം’ ഒരു വിധത്തിലും ഉള്‍ക്കൊള്ളാനാവില്ലെന്ന് വിവിധ ക്ഷേത്രങ്ങളെ പ്രതിനിധികരിക്കുന്നവരും കോലധാരികളും വിഷ്ണുമൂര്‍ത്തി വെളിച്ചപ്പാടുകളും ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. നാട്ടിലെ ആരാധനാലയങ്ങളില്‍ നടക്കുന്ന അതേ ചടങ്ങുകളോടെയാണിത് അജ്മാനിലെ വിന്നേഴ്‌സ് ക്ലബ്ബില്‍ ‘കളിയാട്ട മഹോത്സവം ‘ എന്ന പേരില്‍ വലിയ പരസ്യത്തോടെ കെട്ടിയാടിയത്. പുലര്‍ച്ചെ അഷ്ടദ്രവ്യ ഹോമം നടന്നു.കണ്ണൂരിന് വടക്ക് കെട്ടിയാടുന്ന ശാസ്തപ്പന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തോടെയായിരുന്നു തുടക്കം. അതേ തെയ്യത്തിന്റെയും വിഷ്ണുമൂര്‍ത്തിയുടെയും ഗുളികന്റെയും പുറപ്പാടുകളുമുണ്ടായിരുന്നു. മുന്നോടിയായി പതിവുള്ള തോറ്റവും പാടി. കരിയിടിക്കല്‍ ചടങ്ങോടെ സമാപനം എന്നാണ് പരസ്യത്തിലുള്ളത്ത്. പകലും രാത്രിയിലും അന്നദാനവും വിളമ്പി. പട്ടും വളയും കേന്ദ്ര സംസ്ഥാന പുരസ്‌കാരങ്ങളും നേടിയവരും ചില കോലധാരികളും ചേര്‍ന്നാണ് കളിയാട്ടം നടത്തുന്നത് എന്ന് അവരുടെ പേരുകള്‍ സഹിതം പ്രത്യേകം സൂചനയും അറിയിപ്പിലുണ്ട്.

പ്രതിഷേധം ശക്തം

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട് പരിപാലന സംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റ് വേണു അയ്യങ്കാവ്, കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രസിഡന്റ് അമ്പു ഞെക്ലി,അഖില കേരള യാദവ സഭ സംസ്ഥാന പ്രസിഡന്റ് അരവത്ത് കെ. ശിവരാമന്‍ മേസ്ത്രി, തിരുവക്കോളി നഗരസഭ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പ്രസിഡന്റ് എം. വി. ശ്രീധരന്‍, ഉദുമ പടിഞ്ഞാര്‍ കോതാറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര പ്രസിഡന്റ് കമലാക്ഷന്‍ കരിച്ചേരി, കോതാറമ്പത്ത് ചൂളിയാര്‍ ഭഗവതി നഗരസഭ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പ്രസിഡന്റ് കെ. വി. രഘുനാഥന്‍ തുടങ്ങിയവര്‍ ഈ പ്രവണതയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. കളിങ്ങോത്ത് ദേവസ്ഥാനത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന തെയ്യംകെട്ടില്‍ തൊണ്ടച്ചന്‍ തെയ്യത്തിന്റെ നിര്‍ദിഷ്ട കോലധാരിയായ ചതുര്‍ഭുജന്‍ കര്‍ണമൂര്‍ത്തിയും കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ കോലധാരിയായ ഷിബു കൂടാനനും ഗള്‍ഫ് കളിയാട്ടത്തോടുള്ള അവരുടെ അതൃപ്തി പ്രകടമാക്കി.

വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാനത്തില്‍ തെയ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പള്ളിയറകളിലും ദേവസ്ഥാനങ്ങളിലും പരിശുദ്ധിയോടെ പരിപാലിച്ചു വരുന്ന തെയ്യങ്ങള്‍ കെട്ടുന്ന വ്യത്യസ്ത സമുദായത്തില്‍ പെട്ടവര്‍ക്ക് ഓരോ പ്രദേശത്തും ‘ജന്മാവകാശം’ പോലും കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. തെയ്യമെന്ന അനുഷ്ഠാനത്തെ പവിത്രതയോടെ കാത്തുസൂക്ഷിക്കേണ്ടവര്‍ തന്നെ അത് കളങ്കപ്പെടുത്തും വിധം കടല്‍ കടന്ന് ഗള്‍ഫു നാടുകളില്‍ ‘കളിയാട്ട മഹോത്സവം’ എന്ന പേരില്‍ നടത്തിയ പ്രകടനത്തില്‍ പാലക്കുന്ന് കഴകം പ്രതിഷേധിക്കുന്നു. നാട്ടു സംസ്‌കാരത്തിന്റെ ഭാഗമായ തെയ്യം എന്ന അനുഷ്ഠാനത്തെ അവഹേളിച്ച് ഒരു സ്റ്റേജ് പരിപാടിയുടെ ലാഘവത്തോടെ തെയ്യം അവതരിപ്പിച്ചവരെ ഭാവിയില്‍ തെയ്യം കെട്ടുന്നതില്‍ നിന്ന് വിലക്കേണ്ടിയിരിക്കുന്നു.

അഡ്വ. കെ. ബാലകൃഷ്ണന്‍
(പ്രസിഡന്റ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി)

മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട വ്യക്തി സ്വന്തം താല്പര്യത്തിനായി തെയ്യവുമായി തെരുവില്‍ ഇറങ്ങുന്നതില്‍ പുച്ഛം തോന്നുന്നു. വലിയൊരു വിഭാഗം വിശ്വാസികളുടെ ആചാരങ്ങള്‍ക്ക് കളങ്കം വരും വിധം, അതനുഷ്ഠിക്കേണ്ടവര്‍ തന്നെ അതിനായ് മുന്നിട്ടിറങ്ങുന്നത് നല്ല പ്രവണതയല്ല. പെരുവണ്ണാനും പെരുമലയനും പണിക്കരുമാണിതിന് നേതൃത്വം നല്‍കിയത് എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നുന്നു. സംഘാടകാരുടെ പരിമിതമായ അറിവിനെ ഇവര്‍ ചൂഷണം ചെയ്തില്ലേ? കൃത്യമായ തെളിവുകളും അവശേഷിപ്പുകളും കൊണ്ട് സമ്പന്നമായ അനുഷ്ഠാനമാണിത്. വ്രതാനുഷ്ഠാനത്തോടെ അതിന്റെതായ ചട്ടക്കൂട്ടില്‍ ഒരുങ്ങുമ്പോഴാണ് തെയ്യങ്ങളുടെ യഥാര്‍ഥ സൗന്ദര്യം പ്രകടമാകുന്നത്. ഭയ ഭക്തി ബഹുമാനത്തോടെയാണ് ഓരോ തെയ്യക്കോലത്തെയും ജനങ്ങള്‍ ആരാധിക്കുന്നത്.അവരുടെ വികാരമാണ് ഈ ഗള്‍ഫ് കളിയാട്ടം വ്രണപ്പെടുത്തിയത്.കാലം നിങ്ങളോട് കണക്ക് ചോദിക്കും. എത്രയോ പൂര്‍വസൂരികളുടെ ആയുസ്സിന്റെ തപസ്സാണ് നമ്മള്‍ ഇന്ന് കാണുന്ന തെയ്യങ്ങള്‍. പണത്തിനും പ്രശസ്തിക്കും വേണ്ടി തെയ്യങ്ങളെ നാട് കടത്തികൊണ്ടുള്ള ഈ വ്യവസായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു .

രാജന്‍ പെരിയ
(പ്രസിഡന്റ് ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി)

ഏറെ നികൃഷ്ടമായ ഏര്‍പ്പാടാണിത്. വിശ്വാസികളെ മുഴുവന്‍ നോക്കുകുത്തിയാക്കി വിഷ്ണുമൂര്‍ത്തി, ഗുളികന്‍ അടക്കം തെയ്യങ്ങളെ വിദേശത്തേക്ക് വലിച്ചിഴക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്? വലിയൊരു ജനാവലിയോട് കാണിക്കുന്ന നെറികേടും വെല്ലുവിളിയുമാണിത്. പട്ടും വളയും ബഹുമതികളും ലഭിച്ചവര്‍ തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ലജ്ജാവഹമാണ്. ഇതിന് തടയിട്ടില്ലെങ്കില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുപോലും ഗള്‍ഫിലെ പൊതു മൈതാനിയില്‍ വരുംനാളുകളില്‍ സ്ഥാനം പിടിക്കും.

വേണു അയ്യങ്കാവ്
( ജില്ലാ പ്രസിഡന്റ് വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട പരിപാലന സംഘം)

Leave a Reply

Your email address will not be published. Required fields are marked *