വീണ്ടും ഭക്ഷ്യവിഷബാധ; കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍

ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഷവായി കഴിച്ച 20 ഓളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടല്‍ പൂട്ടിച്ചു. ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായവര്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി. നിരവധിപ്പേര്‍ സമാനമായ ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയം ഉയര്‍ന്നുവന്നത്.

പിന്നാലെ നിരവധിപ്പേര്‍ സമാനമായ ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയതോടെ പ്രശ്നം സ്ഥിരീകരിക്കുകയായിരുന്നു. മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയില്‍ എത്തിയത്. വിവിധ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സ തേടിയിട്ടുണ്ട്.

പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാല്‍ (29), നാസിക് (27), അഫ്‌സല്‍ (28), മന്‍സൂര്‍ (27) തുടങ്ങിയവര്‍ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മല്‍ (28), കണ്ണനാകുഴി സ്വദേശി അജ്മല്‍ (27) തുടങ്ങിയവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *