ശാശ്വത പരിഹാരം വേണമെന്ന് പ്രാദേശിക സമിതി പൊതുയോഗം
പാലക്കുന്ന് :കാപ്പില്‍, കൊവ്വല്‍, ഉദുമ പടിഞ്ഞാര്‍ ജന്മ, കൊപ്പല്‍ പ്രദേശങ്ങളിലെ കടപ്പുറങ്ങളില്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ഉദുമ പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി പൊതുയോഗം ആവശ്യപ്പെട്ടു.നിരവധി തെങ്ങുകള്‍ ഇതിനോടകം നഷ്ടപ്പെട്ടു. ഒരുപാട് സ്ഥലങ്ങള്‍ കടല്‍ എടുത്തു കഴിഞ്ഞു. ഈ പ്രദേശത്തെ രണ്ടു റോഡുകള്‍ ഇതിനോടകം തകര്‍ന്നില്ലാതായെന്നാണ് നാട്ടുകാരുടെ പരാതി. കിടപ്പുരോഗികളെയും മറ്റു അവശരായവരേയും ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തുകാര്‍.കസേരകളില്‍ താങ്ങി എടുത്താണ് ഇവരെ അപ്പുറം നടത്തുന്നത്. സ്‌കൂളുകളിലേക്കും അങ്കണവാടികളിലേക്കും എത്തേണ്ട കുട്ടികളും ദുരിതത്തിലാണ്. അടിക്കടിയുള്ള കടലാക്രമണത്തെ ചെറുക്കാന്‍ ടെട്രാ പോഡ് പോലുള്ള കല്ലുകള്‍ നിരത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, മന്ത്രിമാര്‍ക്കും സമിതി നിവേദനം കൊടുക്കും. പ്രസിഡന്റ് വിനോദ് കൊപ്പല്‍ അധ്യക്ഷനായി. എ. കെ.സുകുമാരന്‍, മനോജ് കണ്ടത്തില്‍, എ.വി. വാമനന്‍, വി.വി. മുരളി, പ്രഭാകരന്‍, ശ്രീധരന്‍ കാവുങ്കാല്‍, രമ ചന്ദ്രശേഖരന്‍, വി. വി. ശാരദ എന്നിവര്‍ സംസാരിച്ചു.