കാഞ്ഞങ്ങാട് : വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനും സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വേണ്ടി വേലാശ്വരം സഫ്ദര്‍ ഹാശ്മി സ്മാരക ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബ് സഹായഹസ്തവുമായി മുന്നോട്ട് വന്നു. ക്ലബ്ബിന്റെ 5-ാമത് സഫ്ദര്‍ സോക്കര്‍ സെവന്‍സ് ലീഗ് മല്‍സരം പടിഞ്ഞാറക്കര ടര്‍ഫ് മൈതാനിയില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത്കുമാര്‍ സഫ്ദര്‍ സോക്കര്‍ സെവന്‍സ് ലീഗ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരളപോലീസ് താരംപ്രശാന്ത് ബങ്കളം,സി.പി.ഐ(എം) ചിത്താരി ലോക്കല്‍ കമ്മറ്റി മെമ്പര്‍ കെ.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി പി. സജിത്ത് സ്വാഗതം പറഞ്ഞു ക്ലബ്ബിന്റെ ഓണാഘോഷ ത്തിന് വേണ്ടി നീക്കീവെച്ച തുകയും, സഫ്ദര്‍ സോക്കറിനു വേണ്ടി സ്വരുകൂട്ടിയ തുകയും ചേര്‍ത്താണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഉദ്ഘാടന ചടങ്ങില്‍ വെച്ച് കൈമാറിയത്. ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ തുക ഏറ്റുവാങ്ങി. ക്ലബ്ബിലെ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ തെറ്റായ മാര്‍ഗങ്ങളിലേക്ക് പോകാതെ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു.