വയനാട് ദുരന്തം: മരണസംഖ്യ 205 ആയി;

കല്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. 45 ശരീര ഭാഗങ്ങള്‍ ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളില്‍ നടപടി പൂര്‍ത്തിയാക്കിയ 66 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 126 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കയത്.112 പേര്‍ ദുരിതാശ്വാസ ക്യാമ്ബില്‍ തുടരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 11 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദുരന്തത്തില്‍ നിന്ന് രക്ഷിച്ച 195 പേരെയാണ് ഇതുവരെ ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 90 പേര്‍ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്. വയനാട്ടില്‍ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 112 പേര്‍ വിവിധ ക്യാമ്ബുകളില്‍ കഴിയുന്നു.ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയുമുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെ തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിരുന്നു.ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും മുതിര്‍ന്ന ഉദ്യോഗസ്ഥനെയും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയമിക്കും. ഇന്ന് വയനാട് കലക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, വി. അബ്ദുറഹ്മാന്‍, കെ. കൃഷ്ണന്‍കുട്ടി, ജി.ആര്‍ അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.ആര്‍. കേളു തുടങ്ങിയവര്‍ പങ്കെടുത്തു.വയനാട് വിഷയത്തില്‍ ലോക്‌സഭയില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിച്ച കെ.സി വേണുഗോപാല്‍ എം.പി കനത്ത നാശമാണ് വായനാട് സംഭവിച്ചതെന്ന് പറഞ്ഞു. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി, ഗ്രാമം അപ്പാടെ ഒലിച്ചു പോയി, നൂറിലധികം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്, കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന്റെ ഒപ്പം കൈകോര്‍ത്ത ജനങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണ്- അദ്ദേഹം വ്യക്തമാക്കി. ദുരന്തില്‍ 200 പേരെ കാണ്മാണില്ലെന്നും സൈന്യം കൂടി ഇറങ്ങിയതോടെ നല്ല രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും വിശദീകരിച്ചു.അതേസമയം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അമിത് ഷാ പ്രതികരിച്ചില്ല. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയതാണെന്ന് വ്യക്തമാക്കിയ അമിത് ഷാ മുന്നറിപ്പ് ലഭിച്ച ഉടന്‍ ജനങ്ങളെ കുടിയൊഴിപ്പിച്ച നിരവധി അനുഭവങ്ങള്‍ മുന്നിലുണ്ടെന്നും പറഞ്ഞു. ഇപ്പോള്‍ വേണ്ടത് ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനമാണെന്നും അത് പൂര്‍ത്തിയായ ശേഷം രാഷ്ട്രീയം പറയാമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *