മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍; മരണസംഖ്യ 43 ആയി ഉയര്‍ന്നു

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. മേപ്പാടി ആശുപത്രിയില്‍ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ആറ് മൃതദേഹങ്ങളുമാണ് ഉള്ളത്.പുഴയിലൂടെ ചാലിയാര്‍ മുണ്ടേരിയില്‍ ഏഴ് മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വീടുകള്‍ ഒലിച്ചുപോയി. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. 70 ലധികം ആളുകള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.അട്ടമലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് പേരുടെ മൃതദേങ്ങള്‍ മെഡിക്കല്‍ കോളേജിലുണ്ട്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നിര്‍ഭാഗ്യകരമായ സംഭവമെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി.സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *