കൊല്‍ക്കത്ത: ബംഗാളില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളപായത്തിന്റെ വ്യാപ്തി കുറച്ചത് കാഞ്ചന്‍ജംഗ എക്സ്പ്രസിന് പിന്നിലെ ഒരു ഗാര്‍ഡ് വാനും രണ്ട് പാര്‍സല്‍ കോച്ചുകളും.കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്നില്‍ ചരക്കുതീവണ്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതംമൂലം ഈ മൂന്ന് കോച്ചുകളിലുമാണ് കാര്യമായ നാശനഷ്ടമുണ്ടായത്. യാത്രക്കാരെ കയറ്റാത്ത കോച്ചുകളായതിനാല്‍ കൂടുതല്‍ ആളപായമൊഴിവായി.അപകടത്തില്‍ ഒമ്ബതുപേര്‍ മരിച്ചതായാണ് ഔദ്യോഗകി സ്ഥിരീകരണം. 15-ഓളം മരണമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 41 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റും മറ്റൊരാള്‍ കാഞ്ചന്‍ജംഗ എക്സപ്രസിന്റെ ഗാര്‍ഡുമാണ്. ഗാര്‍ഡ് വാനിന് തൊട്ടുപിന്നിലായി യാത്രക്കാരെ കയറ്റുന്നകോച്ചുകളായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതാവുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്.ത്രിപുരയിലെ സ്ബറൂമില്‍നിന്ന് തീവണ്ടി യാത്ര ആരംഭിച്ചപ്പോള്‍ പാര്‍സല്‍ വാന്‍ മുന്‍ഭാഗത്തായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ന്യൂ ജല്‍പായ്ഗുഡിക്ക് 18 സ്റ്റേഷനുകള്‍ക്ക് മുമ്ബ്, അസമിലെ ലുംദിങ്ങില്‍വെച്ച് പാര്‍സല്‍ വാന്‍ പിന്നിലേക്ക് മാറ്റിയിരുന്നു. ഇത് സ്ഥിരമായി ചെയ്തുവരുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഇടിയുടെ ആഘാതത്തില്‍ ഗാര്‍ഡ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. അതിനുശേഷമുള്ള പാര്‍സല്‍ വാന്‍ ചരക്കുതീവണ്ടിയുടെ എന്‍ജിനില്‍ ഇടിച്ചുകയറി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന നിലയിലായിരുന്നു. പിന്നീടുള്ള ഒരു പാര്‍സല്‍ വാനും യാത്രാകോച്ചും പാളം തെറ്റി. മരിച്ചവരില്‍ എല്ലാവരും പാര്‍സല്‍ വാനിന് ശേഷമുള്ള ജനറല്‍ കോച്ചിലുള്ളവരായിരുന്നു.സിഗ്‌നലിങ്ങിലെ തകരാറും ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ യഥാര്‍ഥ കാരണം റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.