ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ ശബ്ദലോകത്തേക്ക് പന്ത്രണ്ടുകാരി:

കണ്ണൂര്‍: ഉത്തര മലബാറിലെ ആദ്യ അഡ്വാന്‍സ്ഡ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഇ എന്‍ ടി വിഭാഗം. ജന്മനാ കേള്‍വിശക്തിയില്ലാതിരുന്ന കണ്ണൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരിയെയാണ് ഈ സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ ശബ്ദലോകത്തേക്ക് തിരികെയെത്തിച്ചത്. ശ്രവണവൈകല്യം നേരിടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ആശുപത്രി ആവിഷ്‌കരിച്ച ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായായിരുന്നു ശസ്ത്രക്രിയ. ഇ.എന്‍.ടി വിഭാഗം മേധാവിയും അഡ്വാന്‍സ്ഡ് ഹിയറിങ് ആന്‍ഡ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജനുമായ ഡോ. രാമകൃഷ്ണനും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ജനിതകപരമായ കാരണങ്ങളാല്‍ ജന്മനാ തന്നെ കുട്ടിക്ക് കേള്‍വിക്കുറവുണ്ടായിരുന്നു. തൊണ്ണൂറ് ശതമാനത്തോളം കേള്‍വിശക്തി നഷ്ടപ്പെട്ടതിനാല്‍ സംസാരശേഷി ആര്‍ജ്ജിക്കുന്നതിനും പന്ത്രണ്ടുകാരി വലിയ വെല്ലുവിളി നേരിട്ടിരുന്നു. സാധാരണ ശ്രവണസഹായികള്‍ ഉപയോഗിച്ചിട്ടും ഫലമുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകള്‍ക്കൊടുവില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസും ആസ്റ്റര്‍ വോളന്റിയേഴ്സും സംയുക്തമായി നടപ്പാക്കുന്ന ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ മേഖലയിലെ നിര്‍ധനരായ നിരവധി കേള്‍വിപരിമിതര്‍ക്ക് ഇതിനോടകം സഹായം ലഭ്യമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ശ്രുതിസ്പര്‍ശം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഈ പന്ത്രണ്ടുകാരിക്ക് സൗജന്യനിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്.

ആന്തരിക കര്‍ണ്ണത്തിലെ തകരാറിലായ ഭാഗങ്ങളെ മറികടന്ന് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്‌നലുകളാക്കി നേരിട്ട് ശ്രവണ സംബന്ധമായ നാഡികളിലേക്ക് എത്തിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണമാണ് കോക്ലിയര്‍ ഇംപ്ലാന്റ്. അതീവ സൂക്ഷ്മത ആവശ്യമുള്ള ഈ ശസ്ത്രക്രിയയിലൂടെ ഉപകരണം കുട്ടിയുടെ കര്‍ണ്ണപടത്തിന് പിന്നില്‍ വിജയകരമായി സ്ഥാപിച്ച ശേഷം ഇംപ്ലാന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുടര്‍ന്നുള്ള ഓഡിയോളജി-സ്പീച്ച് തെറാപ്പിയിലൂടെ കുട്ടിക്ക് സംസാരശേഷി പൂര്‍ണ്ണമായി ലഭിക്കുമെന്നും ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. രാമകൃഷ്ണന്‍ വ്യക്തമാക്കി.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പോലുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സംയോജിപ്പിച്ചുകൊണ്ടാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഉത്തര മലബാറിന്റെ സമ്പൂര്‍ണ്ണ ആരോഗ്യപരിപാലന കേന്ദ്രമായി മാറിയത്. മേഖലയിലെ ആദ്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ആശുപത്രിയുടെ ചികിത്സാ മികവിന്റെ നേട്ടമാണ്. കേള്‍വിശക്തി തിരികെ നല്‍കുക എന്നതിലുപരി കുട്ടിക്ക് ശോഭനമായൊരു ഭാവിയൊരുക്കാന്‍ ആശുപത്രിയുടെ ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ കഴിഞ്ഞുവെന്നതാണ് ഏറെ സന്തോഷകരം എന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി.ഒ.ഒ. ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *