മടിക്കൈയുടെ കലാ-സാംസ്‌കാരിക മേഖലയില്‍ പുത്തനുണര്‍വേകാന്‍ ‘കാമ്പ്’കള്‍ച്ചറല്‍ ഫെസ്റ്റ്

മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ കലാ-സാംസ്‌കാരിക മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിന് ‘കാമ്പ്’ (ക്രിയേറ്റീവ് ആര്‍ട്സ് ഫെസ്റ്റ് ഇന്‍ മടിക്കൈ പഞ്ചായത്ത്) എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഫെസ്റ്റ് നടത്താനാണ് തീരുമാനം. കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യ, സിനിമ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുക.

വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഉള്‍പ്പെടെ പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയിലാണ് ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി പുതിയ കാലത്തിന്റെ ആശയങ്ങളെയും മാറ്റങ്ങളെയും അഭിസംബോധന ചെയ്യുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മടിക്കൈയുടെ തനത് കലാരൂപങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍, സാംസ്‌കാരിക പൈതൃകം തുടങ്ങി നാടിന്റെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനും ഫെസ്റ്റ് വേദിയാകും. മടിക്കൈയുടെ സാംസ്‌കാരിക സംഭാവനകള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാനും പരിപാടി ലക്ഷ്യമിടുന്നു. മടിക്കൈയുടെ പ്രശസ്ത എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനവും പി.വി ഷാജികുമാറും ഫെസ്റ്റിന്റെ കോഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വായനയിലും എഴുത്തിലും താല്‍പര്യങ്ങള്‍ വളര്‍ത്തുന്നതിനും പുതിയ കാലത്തിന്റെ ശീലങ്ങള്‍ക്കപ്പുറത്തേക്ക് അവരെ നയിക്കുന്നതിനുമുള്ള പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തും.

മടിക്കൈ കേരളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് സമാനമായ പ്രാധാന്യത്തോടെ നാടിന്റെ തനത് കലാരൂപങ്ങള്‍, വിഭവങ്ങള്‍, സാംസ്‌കാരിക സവിശേഷതകള്‍ എന്നിവയെല്ലാം ഫെസ്റ്റിലൂടെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ പറഞ്ഞു. സാംസ്‌കാരിക മേഖലക്ക് പുതിയ ഉണര്‍വ് നല്‍കുന്നതിനൊപ്പം വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വായനയുടെയും എഴുത്തിന്റെയും സാധ്യതകള്‍ വളര്‍ത്താനും ഫെസ്റ്റിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മേക്കാട്ട് സ്‌കൂളില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ പി.വി. ഷാജികുമാര്‍ ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അവതരിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, വൈസ് പ്രസിഡന്റ് പി. ഗോവിന്ദന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ബാലകൃഷ്ണന്‍, എം. രാജന്‍, സി. പ്രഭാകരന്‍, എസ്. പ്രീത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ. വേലായുധന്‍, നാരായണന്‍ മുണ്ടോട്ട്, എം. ബാലകൃഷ്ണന്‍, പി.പി രാജു, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, മാധ്യമപ്രവര്‍ത്തകന്‍ സേതു ബങ്കളം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. സജി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശനെ ചെയര്‍മാനും എ. സജിയെ ജനറല്‍ കണ്‍വീനറും സന്തോഷ് ഏച്ചിക്കാനം, പി.വി ഷാജികുമാര്‍ എന്നിവരെ കോഓര്‍ഡിനേറ്റര്‍മാരുമായി തിരഞ്ഞെടുത്തു. 301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *