പന്നല്‍ച്ചെടികളുടെ ശേഖരമൊരുക്കി കേരള കേന്ദ്ര സര്‍വകലാശാല

പെരിയ: വിവിധ ഇനം പന്നല്‍ച്ചെടി (ഫേണ്‍)കളുടെ ശേഖരമൊരുക്കി കേരള കേന്ദ്ര സര്‍വകലാശാലയിലെ കാസര്‍കോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (കെബിജിആര്‍സി). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ചൈന, തായ്വാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ 35 ഇനങ്ങളിലുള്ള ചെടികളാണ് ഇവിടെ ഒരുക്കിയത്. തീപ്പന്നല്‍, ക്രിസ്റ്റെല്ല പന്നല്‍, മീന്‍വാലന്‍ പന്നല്‍, മാന്‍കൊമ്പ് പന്നല്‍, വെള്ളിവരയന്‍ പന്നല്‍ തുടങ്ങിയ വിവിധ ഇനങ്ങള്‍ ബയോളജിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. പൂക്കളോ വിത്തുകളോ ഉണ്ടാവാത്ത പന്നല്‍ച്ചെടികള്‍ ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളിലാണ് വളരുന്നത്. അലങ്കാരങ്ങള്‍ക്കും വായു ശുദ്ധീകരണത്തിനും മണ്ണൊലിപ്പ് തടയാനും ഔഷധത്തിനായും ഇവ ഉപയോഗിക്കുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. മിനിമോള്‍ എം.സി, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് ഡീന്‍ പ്രൊഫ. സുധ കപ്പള്ളി, പ്ലാന്റ് സയന്‍സ് വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. കെ. അരുണ്‍ കുമാര്‍, കെബിജിആര്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ. എം. ജാസ്മിന്‍ ഷാ, പ്രൊഫ. ഡെന്നീസ് തോമസ്, ഡോ. പ്രമോദ് കെ. കണ്ടോത്ത്, ഡോ. ജിന്നി ആന്റണി, ഡോ. ചിത്ര മനിശ്ശേരി, പത്മിനി കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *