അമിത ശബ്ദമുണ്ടാക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആറ് മേഖലകളില്‍ പ്രത്യേക ഫീല്‍ഡ് ടീമുകളെ നിയോഗിച്ചാണ് പൊലീസ് നടപടി ശക്തമാക്കിയത്
കഴിഞ്ഞ വര്‍ഷം വിവിധ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ 10,539 വാഹനങ്ങളും സൈക്കിളുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇതില്‍ 3,434 മോട്ടോര്‍ വാഹനങ്ങളും 7,105 ഇലക്ട്രിക് സൈക്കിളുകളും സാധാരണ സൈക്കിളുകളുമാണ് ഉള്‍പ്പെടുന്നത്. കൂടാതെ, നിരോധിത മേഖലകളിലൂടെ റോഡ് മുറിച്ചുകടന്നതിന് (ജേവാക്കിങ്) 4,709 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. അമിത ശബ്ദമുണ്ടാക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആറ് മേഖലകളില്‍ പ്രത്യേക ഫീല്‍ഡ് ടീമുകളെ നിയോഗിച്ചാണ് പൊലീസ് നടപടി ശക്തമാക്കിയത്.
അപകടകരമായ രീതിയിലുള്ള വാഹനമോടിക്കലും അനധികൃത രൂപമാറ്റങ്ങളും തടയാന്‍ നിരീക്ഷണം പെട്രോളിങ് വഴിയും ശക്തമാക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റി വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്നും സിഗ്‌നലുകള്‍ ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 പ്രകാരം 400 ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.