നീലേശ്വരം: നീലേശ്വരം നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കെ.ഡി.പി (Kasargod Development Package) യുടെ ധനസഹായത്തോടെയും 27.59 ലക്ഷം രൂപ അടങ്കല്‍ തുക ചെലവഴിച്ച് നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ തൈക്കടപ്പുറം സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്മാന് പി.പി.മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു. തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് മികച്ചതും അത്യാധുനികവുമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ചിട്ടുള്ളത്. ആകെ 585 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ വരാന്ത, കുട്ടികള്‍ക്കുള്ള ഹാള്‍, വാഷ് ഏരിയ, കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമായി രണ്ട് ശൌചാലയങ്ങള്‍, സ്റ്റോര്‍ റൂം, കുടിവെള്ളം, ചുറ്റുമതില്‍, ചുമര് ചിത്രങ്ങള്‍, പ്ലേ ഏരിയ തുടങ്ങിയവ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദന് സ്വാഗതം ആശംസിച്ചു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ് മോഹന്‍ ചടങ്ങില്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ നീലേശ്വരം നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീന മുഹമ്മദ്,എ.വി.സുരേന്ദ്രന്,ഇ.കെ.ചന്ദ്രന്, , ഇ.ചന്ദ്രമതി, കൌണ്‍സിലര്‍മാരായ പി.വി. സതീശന്, ഇ.അനീഷ്. ശ്രീനിവാസന്.കെ.പി, പി.അഖിലേഷ്, എം.ശാന്ത, കെ.വി.ലീല, ടി.വി.രജിത, പി.കെ.ഷിജിത, പി.വി.സുനിത എന്നിവരും, , വനിത ശിശു വികസന പദ്ധതി ഓഫീസര്‍ ഷൈലജ. പി.പി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജെസി ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അങ്കണവാടി ടീച്ചര്‍ നസീറ. കെ നന്ദി രേഖപ്പെടുത്തി. നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.