മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്നേഹത്തണലായി ഇരിയണ്ണിയിലെ വയോജന വിശ്രമകേന്ദ്രം

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെനേതൃത്വത്തിലാണ് വിശ്രമകേന്ദ്രം ഒരുക്കിയത്

ഒറ്റപ്പെടലിന്റെ വിരസതയില്ലാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്നേഹവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതി. ഇരിയണ്ണിയില്‍ ആരംഭിച്ച വയോജന പകല്‍ വിശ്രമ കേന്ദ്രമാണ് (പകല്‍വീട്) പ്രദേശത്തെ മുതിര്‍ന്ന തലമുറയ്ക്ക് ആശ്വാസവും തണലുമാകുന്നത്. പകല്‍സമയം വീടുകളില്‍ തനിച്ചാകുന്ന വയോജനങ്ങള്‍ക്ക് ഒത്തുചേരാനും വിശ്രമിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള വേദിയാവുകയാണ് കേന്ദ്രം. പരസ്പരമുള്ള ആശയവിനിമയങ്ങള്‍ക്കൊപ്പം പത്ര-മാസികാ വായന, ഇന്‍ഡോര്‍ ഗെയിമുകള്‍, ടെലിവിഷന്‍ തുടങ്ങിയ വിനോദോപാധികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് വയോജനങ്ങളുടെ മാനസികോല്ലാസത്തിനും ഏകാന്തത അകറ്റുന്നതിനും വഴിയൊരുക്കുന്നു.

മാനസികാരോഗ്യത്തോടൊപ്പം മുതിര്‍ന്നവരുടെ ശാരീരിക ക്ഷമതക്കും പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകള്‍, മരുന്ന് ഓര്‍മപ്പെടുത്തലുകള്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ എന്നിവ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. എത്തുന്നവര്‍ക്കെല്ലാം ചായയും പോഷകസമൃദ്ധമായ ലഘുഭക്ഷണവുമുണ്ട്.

സമൂഹത്തിന്റെ വഴികാട്ടികളായ മുതിര്‍ന്ന പൗരന്മാരെ ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയതെന്നും വയോജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂടുതല്‍ സൗകര്യങ്ങള്‍ വരുംദിവസങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *