കേരളത്തിന്റെ അനുഭവവേദ്യ ടൂറിസത്തിന് ആഗോളതലത്തില്‍ സ്വീകാര്യത കൂടുന്നു: മന്ത്രി പി.സി വിഷ്ണുനാഥ്

ഐടിബി ഏഷ്യ 2026: മുഖ്യ ആകര്‍ഷണമായി കേരള പവലിയന്‍
ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് മേളയില്‍ കേരളത്തിന്റെ ശ്രദ്ധേയ പങ്കാളിത്തം
തിരുവനന്തപുരം: സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് മേളയായ ഐടിബി ഏഷ്യ 2026 ല്‍ കേരള ടൂറിസത്തിന്റെ പങ്കാളിത്തത്തിന് ആവേശകരമായ പ്രതികരണം. കേരളത്തിന്റെ വൈവിധ്യമാര്‍ന്നതും സവിശേഷവുമായ വിനോദസഞ്ചാര സാധ്യതകള്‍ അടുത്തറിയാന്‍ നിരവധി സന്ദര്‍ശകരാണ് കേരള പവലിയനിലെത്തുന്നത്.

സിംഗപ്പൂരിലെ സാന്‍ഡ്‌സ് എക്‌സ്‌പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേള കേരളത്തിന്റെ സവിശേഷതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയായി മാറി

കേരള പ്രതിനിധി സംഘത്തെ നയിക്കുന്നത് ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥാണ്. ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ട്.

ജമ്മു കശ്മീരിലെ ആരോഗ്യ- ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം വകുപ്പു മന്ത്രി സകീന മസൂദ് ഇറ്റൂ, സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഡോ. ശില്‍പക് അംബുലെ എന്നിവര്‍ക്കൊപ്പം മന്ത്രി പി.സി വിഷ്ണുനാഥ് കേരള ടൂറിസം സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

27 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കേരള ടൂറിസം പവലിയന്‍ ‘യുവര്‍ നിയറസ്റ്റ് ഫാര്‍ എവേ’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്നതാണ് ഈ പ്രമേയം.

കേരളത്തിലെ ശാന്തമായ കായല്‍പ്പരപ്പുകള്‍, ആയുര്‍വേദം, ഹൗസ്‌ബോട്ടുകള്‍ എന്നിവയുടെ ദൃശ്യാവിഷ്‌കാരങ്ങളും വിവരങ്ങളും പവലിയനിലുണ്ട്. കേരളത്തിന്റെ സമ്പന്നമായ വിനോദസഞ്ചാര സാധ്യതകളെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങുന്നു.

അന്താരാഷ്ട്ര ടൂറിസം സംരംഭങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തം ആഗോള ടൂറിസം രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനും വളര്‍ന്നുവരുന്ന എഷ്യന്‍ വിപണികളില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും കേരള ടൂറിസത്തിന് സഹായകമാകുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

അനുഭവവേദ്യ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ കേരളത്തിന്റെ സവിശേഷതകള്‍ ആഗോള ടൂര്‍ പ്ലാനര്‍മാരില്‍ വലിയ താത്പര്യം സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രകൃതിഭംഗിയും കൂടുതല്‍ അടുത്തറിയുന്നതിനുള്ള അവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓണം പോലുള്ള കേരളത്തിന്റെ വര്‍ണാഭമായ ആഘോഷങ്ങള്‍ അന്താരാഷ്ട്ര സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിച്ചു വരുന്നു. കേരളത്തിന്റെ വിനോദസഞ്ചാര അനുഭവങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നതിന് ഇത്തരം ഉത്സവങ്ങള്‍ സഹായകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനായി ട്രേഡ് ബയര്‍മാര്‍, എയര്‍ലൈന്‍ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ പങ്കാളികളുമായി കേരള സംഘം കൂടിക്കാഴ്ചകള്‍ നടത്തി.

ഐടിബി ബെര്‍ലിനിന്റെ മാതൃകയില്‍ ഐടിബി ഏഷ്യയും വിനോദസഞ്ചാര മേഖലയിലെ പ്രമുഖരെയും അന്താരാഷ്ട്ര പ്രദര്‍ശകരെയും ബയര്‍മാരെയും ഒരുമിച്ചു കൊണ്ടുവരുന്ന വേദിയാണെന്ന് സുമിത് കുമാര്‍ ഠാക്കൂര്‍ പറഞ്ഞു. വിനോദസഞ്ചാരം, കോര്‍പ്പറേറ്റ് യാത്രകള്‍, മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും മേള അവസരമൊരുക്കുന്നതായും അദ്ദേഹം വിശദമാക്കി.

വെല്‍നെസ് ടൂറിസത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി കൈരളി-ദി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് എന്നിവയും മേളയില്‍ സഹപ്രദര്‍ശകരായി പങ്കെടുക്കുന്നുണ്ട്.

മൈസ്, വിനോദസഞ്ചാരം, കോര്‍പ്പറേറ്റ്, ട്രാവല്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ നിന്നായി 18,000 ത്തിലധികം പേര്‍ ബി2ബി ട്രേഡ് ഷോയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചകളെല്ലാം മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തിരുന്നു.

വെള്ളിയാഴ്ച സമാപിക്കുന്ന മേളയിലൂടെ കൂടുതല്‍ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കാനും കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *