ക്ഷീരസംഘം പ്രതിനിധികളുടെ 2026-27 വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ ക്ഷീരമേഖലയുടെ സമഗ്ര മുന്നേറ്റവും പാല്‍ ഉത്പാദന വര്‍ദ്ധനവും ലക്ഷ്യമിട്ട് ക്ഷീരസംഘം പ്രതിനിധികളുടെ 2026-27 വര്‍ഷത്തെ
അര്‍ദ്ധവാര്‍ഷിക അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

2026-27 വര്‍ഷത്തെ കാസര്‍കോട് ജില്ലാ ക്ഷീര സംഗമം വരുന്ന ഡിസംബറില്‍ ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കുടുംബശ്രീ യൂണിറ്റുകള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ഖഘഏ), നോര്‍ക്ക റൂട്ട്സ് എന്നിവ വഴി യുവജനങ്ങളടക്കം കൂടുതല്‍ പേരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കല്യാണി നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന വിവിധ ക്ഷേമ-വികസന പദ്ധതികളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു.
ജില്ലയിലെ പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി. എച്ച്. ഷിനാജുദ്ദീന്‍ വിശദീകരിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലുള്ള 154 ക്ഷീരസംഘങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തില്‍ സംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളും പ്രവര്‍ത്തന പുരോഗതിയും വിശദമായി ചര്‍ച്ച ചെയ്തു. കാസര്‍കോട് ക്ഷീരവികസന ഓഫീസര്‍ കെ. ശാലിനി സ്വാഗതവും കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫീസര്‍ അനുല എസ്.മേനോന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *