തോട്ടം മേഖലയില്‍ വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴില്‍, വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

വന്യജീവികളെ പ്രതിരോധിക്കാന്‍ കഴിയുന്ന സസ്യങ്ങള്‍ ഉപയോഗിച്ചുള്ള ജൈവവേലി ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളുടെ സാധ്യത പരിശോധിക്കും. ഓഡിയോ-വിഷ്വല്‍, എ.ഐ. അധിഷ്ഠിത തെര്‍മല്‍ ക്യാമറകള്‍ ഉപയോഗിച്ച് വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അലാറം നല്‍കുന്ന സംവിധാനങ്ങള്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ സംബന്ധിച്ച് കര്‍ഷകരെയും തോട്ടം മേഖലയിലെ തൊഴിലാളികളെയും ബോധവല്‍ക്കരിച്ച് നടപ്പാക്കുന്ന കാര്യവും പരിഗണിക്കും. പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും അകറ്റുന്നതിനുമായി സോളാര്‍ പവര്‍ ഉപയോഗിച്ചുള്ള എല്‍.ഇ.ഡി. ഫ്ലാഷ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരിപാലനം കൃത്യമായി നടക്കാത്ത എസ്റ്റേറ്റുകളിലെ അടിക്കാടുകളിലും കുറ്റിക്കാടുകളിലും പകല്‍സമയത്ത് വന്യജീവികള്‍ തമ്പടിക്കുന്ന സാഹചര്യമുണ്ട്. എസ്റ്റേറ്റ് ഉടമകളുടെ സഹകരണത്തോടെ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. എസ്റ്റേറ്റുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ എസ്റ്റേറ്റ് ഉടമകള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രാദേശികാടിസ്ഥാനത്തിലുള്ള ജന ജാഗ്രതാ സമിതികള്‍ സജീവമാക്കുന്നതിനാവശ്യമായ നടപടികളടക്കം വകുപ്പ് തലത്തില്‍ സ്വീകരിക്കും. സമഗ്രമായ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് തോട്ടം മേഖലയില്‍ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദീന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി പുകഴേന്തി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബീന മോള്‍ വര്‍ഗീസ്, ചീഫ് ഇന്‍സ്പക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ശങ്കര്‍ പി ആര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *