ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്നലെ വൈകുന്നേരം വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 5933 മെഗാവാട്ടിലെത്തി. ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള വൈദ്യുതി ആവശ്യകത സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഇന്നലത്തെ മാത്രം ആകെ ഉപഭോഗം 112.16 ദശലക്ഷം യൂണിറ്റാണ്.ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസും പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ഭൂരിഭാഗം ജില്ലകളിലും 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്ന താപനില.
സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.