കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് പെണ്‍കുട്ടി പനി ബാധിച്ച് മരിക്കുന്നത്. മരണ കാരണം കണ്ടെത്താന്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.
അതേസമയം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനയ. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലാബ് പരിശോധനകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.