പഞ്ചാബ്: പഞ്ചാബില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്. യുവതിയുടെ വീടിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വീടിന് തീയിട്ടത്. തീപിടുത്തത്തില്‍ സുഖ്വീന്ദര്‍ കൗര്‍ എന്ന യുവതിക്കും വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. മൂന്ന് പേര്‍ക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ യുവതിയുടെ നില ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചാബ് ജലന്ധറിലാണ് സംഭവം ഉണ്ടായത്.
വാടകവീട്ടിലാണ് സുഖ്വീന്ദര്‍ കൗറും മക്കളും താമസിച്ചിരുന്നത്. ഇയാള്‍ പതിവായി വീട്ടിലേക്ക് പച്ചക്കറികള്‍ എത്തിക്കുകയും യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നതായി സുഖ്വീന്ദര്‍ കൗറിന്റെ കുടുംബം പറഞ്ഞു. നിരന്തരമായി ഇയാള്‍ മകളെ ശല്യം ചെയ്തിരുന്നു. ഒരു ദിവസം ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവതി അയാളെ അടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് പിന്നീട് ഒരു പെട്രോള്‍ കുപ്പിയുമായി തിരിച്ചെത്തി വീടിന് തീയിടുകയായിരുന്നു.