കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതല്‍ ഡയാലിസിസ് യൂണിറ്റ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ നാടിനു സമ്മാനിച്ചത് അഭിമാന നേട്ടം. 76 വൃക്ക രോഗികളിലായി 12785 ഡയാലിസിസുകളാണ് ഇതുവരെയായി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞമാസം 331 ഡയാലിസിസുകള്‍ നടന്നു. കാറഡുക്ക പോലുള്ള വലിയൊരു പ്രദേശത്തെയും സമീപ ഉള്‍ പ്രദേശങ്ങളിലെയും വൃക്ക രോഗികള്‍ക്ക് മണിക്കൂറുകളോളം യാത്ര ചെയ്ത് ചികിത്സക്കായി പോകേണ്ടി വന്ന സാഹചര്യത്തില്‍ കൊവിഡ് കൂടി വില്ലന്‍ ആയപ്പോഴാണ് എന്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒരു ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു കൂടാ എന്ന ആശയം ഭരണസമിതി മുന്നോട്ടുവയ്ക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജ്, എം.എല്‍.എ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് വിഹിതം എന്നിവ ഉപയോഗിച്ച് മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി 2021 ഡിസംബര്‍ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ഡയാലിസിസ് യൂണിറ്റിന് പിന്നീട് ഇങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായത് ത്രിതല പഞ്ചായത്തുകളില്‍ നിന്നുള്ള വിഹിതമായിരുന്നു. തുടക്കത്തില്‍ എട്ടു മിഷനുകളും ബെഡുകളുമായി ഒറ്റ ഷിഫ്റ്റില്‍ തുടങ്ങിയ പ്രവര്‍ത്തനം 2022 പകുത്തിയായപ്പോള്‍ രണ്ടു ഷിഫ്റ്റുകളിലായി 16 രോഗികളെ ഒരു ദിവസം ഡയാലിസിസ് ചെയ്യാന്‍ പറ്റുന്ന രീതിയിലേക്ക് മാറി. രാവിലെ ഏഴിന്് തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈകിട്ട് 5. 30 ഓടുകൂടി രണ്ടു ഷിഫ്ടുകളിലുമായി പൂര്‍ത്തീകരിക്കും. ഞായറാഴ്ച അവധിദിവസമാണ്.
ക്ലീനിംഗ് സ്റ്റാഫ് അടക്കം പത്ത് സ്റ്റാഫുകളാണ് ഡയാലിസിസ് യൂണിറ്റിനുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കുമ്പഡാജെ, കുറ്റിക്കോല്‍, ബേഡഡുക്ക, ദേലംപാടി, മുളിയാര്‍, ബെള്ളൂര്‍, കാറടുക്ക എന്നീ ഏഴ് പഞ്ചായത്തുകളിലെ ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍ നിന്ന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ രോഗസങ്കിര്‍ണതകള്‍ കുറഞ്ഞ രോഗികളെ തെരഞ്ഞെടുത്ത് എ.പി.എല്‍ വിഭാഗത്തിന് 500 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് ആയും പിന്നീടുള്ള ഓരോ ഡയാലിസിനും 300 രൂപ വെച്ചും ബിപിഎല്‍ വിഭാഗത്തിന് തികച്ചും സൗജന്യമായും ഡയാലിസിസ് ചെയ്തുവരുന്നു. നിലവില്‍ യൂണിറ്റില്‍ ഡയാലിസിസ് ചെയ്യുന്ന മൂപ്പത്തിയൊന്ന് പേരില്‍ 22 പേരും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയോടെയും ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഒമ്പത് പേര്‍ സൗജന്യമായും ചികിത്സ നടത്തിവരുന്നവരാണ്. ഡയാലിസിസ് യൂണിറ്റിന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും മരുന്നിനും മറ്റു സാമഗ്രികള്‍ക്കും ആയി പ്രതിമാസ ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്നതായും മെഡിക്കല്‍ ഓഫീസര്‍ ഷമീമ പറഞ്ഞു.