സ്വയം തൊഴിലും സേവനവും ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ മുട്ടക്കോഴി വിതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു പേര്‍ അടങ്ങുന്ന സംഘത്തിന് 50 കോഴികളാണ് സൗജന്യമായി നല്‍കിയത്. ലഭിക്കുന്ന മുട്ടകളില്‍ 20 എണ്ണം തൊട്ടടുത്തുള്ള അങ്കണവാടികള്‍ക്ക് സൗജന്യമായി നല്‍കും. സംരംഭകത്വ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന സൗജന്യ മുട്ടക്കോഴി വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.അഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനീശന്‍, ജില്ലാ മിഷന്‍ എഫ്.എല്‍.സി.എ വി.രജനി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ കെ.സുജിനി, സൂര്യ ജാനകി, വൈസ് ചെയര്‍പേഴ്സണ്‍ കെ.വി.ഉഷ, അക്കൗണ്ടന്റുമാരായ പി.രതിക, പി.സുധ എന്നിവര്‍ സംസാരിച്ചു.