കൊച്ചി: കളമശ്ശേരിയില്‍ നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികളുടെ വിവരണം. യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്‌ബോള്‍ ഏകദേശം 2400ലേറെപ്പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു. യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞു.
ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ത്ഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.
ഫയര്‍ഫോഴ്സ് അടക്കമുള്ള റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാനാകൂ.