ന്യൂഡല്‍ഹിഃ പാലസ്തീനിലും ഇസ്രയേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഡെല്‍ഹി – ശ്രീനിവാസ്പുരിയില്‍ നിരാഹാര സത്യാഗ്രഹം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തില്‍ നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സാമൂഹ്യ – സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തു. ഒക്ടോബര്‍ 28 ന് ജന്തര്‍ മന്ദറില്‍ ‘കാന്‍ഡില്‍ മാര്‍ച്ച്’ നടത്തുവാനുള്ള അനുമതിക്കുവേണ്ടി ഡെല്‍ഹി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറില്‍ ‘കാന്‍ഡില്‍ മാര്‍ച്ച്’നടത്തുവാന്‍ പോലീസ് അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നാണ്, പോലീസിന്റെ അനുമതിയില്ലാതെതന്നെ ശ്രീനിവാസ്പുരിയില്‍ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുന്ന ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ ഇന്ത്യാ സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഇസ്രായേലിനേയും പാലസ്തീനെയും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടനയും മുഴുവന്‍ ലോകനേതാക്കളും മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്. എന്തെല്ലാം ന്യായം പറഞ്ഞാണെങ്കിലും മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഇസ്രായേല്‍ ഭരണകൂടത്തേയും ഹമാസിനേയും പിന്തുണക്കുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് വ്യക്തമാക്കി. ഇസ്രായേല്‍ ഭരണകൂടവും ഹമാസും മനുഷ്യരാശിയോട് ചെയ്യുന്ന കൊടും ക്രൂരത കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ് അധികാരക്കൊതിയന്‍മ്മാരായ ലോക നേതാക്കളും മതഭ്രാന്തന്‍മാരുമെന്ന് രാജീവ് ജോസഫ് കൂട്ടപ്പെടുത്തി. യുദ്ധം വ്യാപകമായാല്‍ ഇസ്രായേലിലെയും പാലസ്തീനിലെയും നിരപരാധികളായ ജനലക്ഷങ്ങള്‍ വധിക്കപ്പെടുമെന്ന് മനസ്സിലാക്കുവാന്‍ യുദ്ധ അനുകൂലികള്‍ക്ക് സാധിക്കാത്തത്, അവരുടെ തീവ്രമത ചിന്താഗതികളും മരവിച്ച മനഃസ്സാക്ഷിയും മാത്രമാണ്. ഇവരുടെയൊക്കെ ദൈവവിശ്വാസവും പ്രാര്‍ത്ഥനയും കപടവും അപഹാസ്യവുമാണെന്ന് രാജീവ് ജോസഫ് പറഞ്ഞു.
യുദ്ധത്തിനെതിരെ സത്യാഗ്രഹം നടത്തിയതുകൊണ്ട് യുദ്ധം അവസാനിക്കുമെന്ന് കരുതുന്ന വിഡ്ഢികളല്ല ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’ എന്ന സംഘടനയുടെ പ്രവര്‍ത്തകരെന്നും, മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന യുദ്ധക്കൊതിയന്‍മ്മാര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി ആര്‍ജ്ജവത്തോടെ സംസാരിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും രാജീവ് ജോസഫ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന നിലയില്‍ മതേതര കാഴ്ചപ്പാടുകളോടെയാണ് ഈ ഉപവാസ സമരം അനുഷ്ഠിക്കുന്നത്. ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായി ഇന്ത്യയില്‍ നടത്തുന്ന സമരങ്ങളും പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കരുതെന്നും, യുദ്ധക്കളത്തില്‍ കൊലചെയ്യപ്പെടുന്ന നിഷ്‌കളങ്കരായ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും കൂട്ടക്കരച്ചില്‍ കേള്‍ക്കാതെ, ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പക്ഷത്തുചേര്‍ന്ന് പതിനായിരങ്ങളുടെ പ്രാണനെടുക്കുന്ന കാലന്മ്മാരുടെ കൂട്ടത്തില്‍ കൂടുവാന്‍, മഹാത്മാ ഗാന്ധിയുടെ നാടായ ഇന്ത്യ തയ്യാറാകരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’ എന്ന സംഘടനയുടെ ചരിത്രവും ലക്ഷ്യവും:
ഇറാന്‍ – ഇറാക്ക് യുദ്ധകാലത്ത്, കണ്ണൂര്‍ – മുണ്ടാനൂര്‍ സ്വദേശി രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ 1985-87 കാലഘട്ടത്തില്‍ തുടക്കം കുറിച്ചതാണ് ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’ എന്ന മൂവ്‌മെന്റ്. ‘ലോകസമാധാനം, നിരായുധീകരണം, ജനാതിപത്യ ലോക ഗവണ്മെന്റ്’ എന്ന സന്ദേശവുമായി,1988 ജനുവരി ഒന്നിന് രാജീവ് ജോസഫ് ആരംഭിച്ച ‘ലോക സൈക്കിള്‍ യാത്ര’ ഉത്ഘാടനം ചെയ്തത്, മുന്‍ രാഷ്ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മയായിരുന്നു. സ്വേച്ഛാധിപതികള്‍ ലക്ഷ്യം വെക്കുന്ന ഏകാധിപത്യ ലോക ഗവണ്മെന്റിന് (New World Order) പകരം, എല്ലാ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ, ‘ജനാധിപത്യ ലോക ഗവണ്മെന്റ്’ രൂപീകരിക്കണമെന്ന സന്ദേശം, ലോകനേതാക്കന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു രാജീവ് ജോസഫ് നടത്തിയ ‘ലോക സൈക്കിള്‍ യാത്രയുടെ’ ലക്ഷ്യം.
ആറ് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകപര്യടനത്തിനായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. എന്നാല്‍, ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ സൈക്കിളില്‍ സന്ദര്‍ശിച്ചശേഷം രാജീവിന് മുന്നോട്ടുപോകുവാനായില്ല. അതിനേത്തുടര്‍ന്ന്, ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’ എന്നപേരില്‍ ഒരു ജനകീയ ആക്ഷന്‍ കൗണ്‍സിലിന് രൂപം കൊടുക്കുകയും, വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിനായി നിരവധി രാജ്യങ്ങള്‍ രാജീവ് സന്ദര്‍ശിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ ‘ലോഗോ’, ന്യൂയോര്‍ക്കിലെ തകര്‍ക്കപ്പെട്ട വേര്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന ‘ഗ്രൗണ്ട് സീറോയില്‍’ വെച്ച് 2012 ജൂലായ് ഒന്‍പതിന് പ്രകാശനം ചെയ്തു.
മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന യുദ്ധങ്ങള്‍ തടയണമെങ്കില്‍, ഇന്ത്യയിലെ കേന്ദ്ര ഗവണ്മെന്റും സുപ്രീം കോടതിയും കേന്ദ്രസേനയും മാതൃകയാക്കി, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ജനാധിപത്യ ലോക ഗവണ്മെന്റ്’ സ്ഥാപിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ അവകാശം ഉണ്ടാകരുത്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കേണ്ടത് ഇന്റര്‍നാഷണല്‍ സുപ്രീം കോടതിയില്‍ ആയിരിക്കണം. അന്താരാഷ്ട്ര തലത്തില്‍ അക്രമങ്ങളോ ഭീകരവാദമോ യുദ്ധങ്ങളോ ഉണ്ടാക്കാന്‍ ഏതെങ്കിലും രാജ്യമോ സംഘടനയോ വ്യക്തികളോ ശ്രമിച്ചാല്‍, അവരെ പിടികൂടി ശിക്ഷിക്കേണ്ടത് ഇന്റര്‍നാഷണല്‍ സുപ്രീം കോടതി ആയിരിക്കണം.
ലോകമെമ്പാടുമുള്ള 205 രാജ്യങ്ങളില്‍ നിന്നും, ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി, ‘ലോക പാര്‍ലമെന്റിന്’ തുടക്കം കുറിക്കണം. ഈ ലോക പാര്‍ലമെന്റ് ആയിരിക്കണം ജനാധിപത്യ ലോക ഗവണ്മെന്റിന് നേതൃത്വം കൊടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ‘ലോക ഗവണ്മെന്റിന്റെ’ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മിലിട്ടറിയായിരിക്കണം 205 രാജ്യങ്ങളുടേയും അതിര്‍ത്തികളില്‍ വിന്യസിക്കേണ്ടത്. ലോക ഗവണ്മെന്റ് സ്ഥാപിതമായശേഷം, എല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ നിലവിലുള്ള അവരുടെ അതിര്‍ത്തി സേനയെ പത്തുവര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കുകയും, അതിനുപകരമായി വിവിധ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്ത ലോക പട്ടാളത്തെ എല്ലാ രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ വിന്യസിക്കുകയും ചെയ്യണം. അതോടെ അതിര്‍ത്തികളിലെ യുദ്ധങ്ങള്‍ അവസാനിക്കും. അതുവഴി എല്ലാ രാജ്യങ്ങള്‍ക്കും ലഭിക്കുന്ന വന്‍ സാമ്പത്തിക ലാഭം കൊണ്ട്, ഈ ഭൂമിയിലെ സകല മനുഷ്യരുടേയും ദാരിദ്ര്യം ഉത്മൂലനം ചെയ്യാമെന്നാണ്, ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റ്’ എന്ന പ്രസ്ഥാനം ലോക നേതാക്കളുടെ മുന്നില്‍ വെക്കുന്ന നിര്‍ദ്ദേശങ്ങള്‍.
1985 മുതല്‍ ഇന്നുവരെ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങള്‍ക്കെതിരേയും നിരവധി സമരങ്ങളും സത്യാഗ്രഹങ്ങളും രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയിട്ടുണ്ട്. 1990 -ല്‍ ഗള്‍ഫ് യുദ്ധത്തിനെതിരെ ഡെല്‍ഹി – ഇന്ത്യാ ഗേറ്റില്‍ രാജീവ് നടത്തിയ 12 ദിവസത്തെ നിരാഹാര സത്യാഗ്രഹം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗള്‍ഫ് യുദ്ധത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ പ്രതിഷേധ സമരവും, ഗള്‍ഫ് യുദ്ധത്തിനെതിരെ ലോകത്ത് നടന്ന ഏക നിരാഹാര സത്യാഗ്രഹമായിരുന്നു അത്. റഷ്യാ – ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഡെല്‍ഹി ജന്തര്‍ മന്ദറില്‍ 2022 ഫെബ്രുവരിയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രാജീവ് ജോസഫ് നടത്തിയ ‘കാന്‍ഡില്‍ മാര്‍ച്ച്’, റഷ്യാ – ഉക്രൈന്‍ യുദ്ധത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ പ്രതിഷേധ സമരമായിരുന്നു.
ലോക സമാധാനത്തിനുവേണ്ടി, നിരായുധീകരണം നടപ്പിലാക്കുന്നതിനുവേണ്ടി, ജനാധിപത്യ ലോക ഗവണ്മെന്റ് സ്ഥാപിക്കുവാന്‍ ലോക നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി, International Action Council for Democratic Government – എന്ന ജനകീയ ആക്ഷന്‍ കൗണ്‍സിലില്‍, ജാതി -മത -കക്ഷി രാഷട്രീയ ഭേദന്യേ ലോകമെമ്പാടുമുള്ള മുഴുവന്‍ സമാധാന കാംഷികള്‍ക്കും അണിചേര്‍ന്ന് പ്രവര്‍ത്തിക്കാം. താത്പര്യമുള്ളവര്‍, 9072795547 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.