ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥന്‍ ബസ് ദേഹത്ത് കയറി മരിച്ചു; സി പി ഐ എം പാണ്ടി ലോക്കല്‍ കമ്മറ്റി അംഗം തിമ്മപ്പയാണ് മരിച്ചത്

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഗൃഹനാഥന്‍ ബസ് ദേഹത്ത് കയറി മരിച്ചു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ(63)യാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സഹയാത്രക്കാരന കിന്നിംഗാര്‍ സ്വദേശി ഗിരീഷിനെ (37) നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെള്ളൂര്‍ പള്ളപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. മുള്ളേരിയയില്‍ നിന്ന് ബെള്ളൂരിലേക്ക് പോകുകയായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തലയിടിച്ച് വീണ തിമ്മപ്പയുടെ ദേഹത്തേക്ക്, കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് വരികയായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ തിമ്മപ്പയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

സി പി ഐ എം പാണ്ടി ലോക്കല്‍ കമ്മറ്റി അംഗവും, കര്‍കഷ തൊഴിലാളി യൂണിയന്‍ ഏരിയ കമ്മറ്റി അംഗവും, വില്ലേജ് പ്രസിഡന്റുമാണ് ബളവന്തടുക്കയിലെ ബി എസ് തിമ്മപ്പ. ഭാര്യ: സ്വര്‍ണ്ണലത ബി, മക്കളില്ല സഹോദരങ്ങള്‍: ഭാസ്‌കരന്‍ ബി, പ്രേമലീല, സരസ്വതി, ശാരദ.

Leave a Reply

Your email address will not be published. Required fields are marked *