ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു

ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളില്‍ 76 സ്‌ക്വാഡുകള്‍പ്രവര്‍ത്തിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു. ഡിസംബര്‍, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകള്‍ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി തുടര്‍ന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീന്‍, ഹോസ്റ്റല്‍, മെസ്സ് എന്നിവിടങ്ങിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 75 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസും ഏഴ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്‍കി.

പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, കെ.വി. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *