ഡീപ്-ടെക് വളര്‍ച്ചയ്ക്കായി ഐബിഎമ്മും Me-itY സ്റ്റാര്‍ട്ടപ്പ് ഹബ്ബും കൈകോര്‍ക്കുന്നു

കാച്ചി:രാജ്യത്തെ ഡീപ്-ടെക് നവീകരണവും സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതിനായി
ഐബിഎമ്മും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്
കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഹബ്ബും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു.

എ ഐ,ഹൈബ്രിഡ് ക്ലൗഡ്,ക്വാണ്ടം കമ്പ്യൂട്ടിംഗ് ,തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം, ആഗോള വിപണി സാധ്യതകള്‍ എന്നിവ നല്‍കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തിന് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഐബിഎമ്മിന്റെ സാങ്കേതിക മികവും ടെക്‌നോളജി പ്ലാറ്റ്ഫോമുകളും നിര്‍ണ്ണായക പങ്ക് വഹിക്കും.

ഈ സഹകരണത്തിന്റെ ഭാഗമായി, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കുമായി ഐബിഎമ്മിന്റെ സംരംഭക സാങ്കേതികവിദ്യകളും വിപ്ലവകരമായ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനാകും.

എന്റര്‍പ്രൈസ്-റെഡി എഐ-ഡാറ്റ പ്ലാറ്റ്ഫോമായ ഐ ബി എം വാട്‌സന്‍സ്,കോഡിംഗ് ഏജന്റായ ഐ ബി എം ബോബ്,ഡിജിറ്റല്‍ പരമാധികാരത്തിനായുള്ള എഐ റെഡി സോഫ്റ്റ്വെയര്‍ സ്റ്റാക്കായ
ഐ ബി എം സോവെറിന്‍ കോര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, ബാങ്കിംഗ്, ധനകാര്യം, സര്‍ക്കാര്‍, വ്യവസായ മേഖലകളിലെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക സുരക്ഷ, ഓട്ടോമേഷന്‍ പരിഹാരങ്ങള്‍, മെന്റര്‍ഷിപ്പ്, നിക്ഷേപകരുമായുള്ള കണക്റ്റിവിറ്റി എന്നിവയും ഉറപ്പാക്കും.

രാജ്യത്തെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ള കഴിവുറ്റ നവീന സംരംഭകരെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതും ഈ പങ്കാളിത്തത്തിന്റെ പ്രധാന മുന്‍ഗണനകളില്‍ ഒന്നാണ്.

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സാങ്കേതിക നവീകരണത്തിന്റെ ആഗോള ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പ്രാദേശികമായ ഡീപ്-ടെക് ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും എം എസ് എച്ച് സി ഇ ഒ ഡോ. പന്നീര്‍സെല്‍വം മദനഗോപാല്‍ അഭിപ്രായപ്പെട്ടു.

ഭാവി സാങ്കേതിക വളര്‍ച്ച രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും, അന്താരാഷ്ട്ര തലത്തിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഇവരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ
ലക്ഷ്യമെന്നും ഐ ബി എം ഇന്ത്യ & സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *