മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്രനവംബർ 11 ന് ശനിയാഴ്ച

രാജപുരം:മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവം 2025 ജനുവരിയില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ കിഴക്കേമല പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള ധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ മരം മുറിച്ചു കൊണ്ടുള്ള പൂജാദികര്‍മ്മങ്ങള്‍ 11ന് ശനിയാഴ്ച രാവിലെ 10.30ന് ഉള്ള ശുഭമുഹൂര്‍ത്തത്തില്‍ എണ്ണപ്പാറയില്‍ നടക്കും. തുടര്‍ന്ന് 2 മണിക്ക് എണ്ണപ്പാറയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന ഘോഷയാത്ര ഏഴാംമൈയില്‍, തട്ടുമ്മല്‍, അട്ടേങ്ങാനം, ഒടയംചാല്‍, ചുള്ളിക്കര, പൂടംങ്കല്ല്, രാജപുരം, എന്നിവിടങ്ങളിലുള്ള വിവിധ ക്ഷേത്രങ്ങള്‍, ദേവസ്ഥാനങ്ങള്‍, ഭജനമന്ദിരങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ക്ഷേത്ര ഭാരവാഹികള്‍, പൗര പ്രമുഖര്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സ്വീകരണം ഏറ്റുവാങ്ങി 5 മണിയോടെ കോളിച്ചാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയുടെയും മറ്റ് പരിസരത്തുള്ള ക്ഷേത്രങ്ങളുടെയും സ്ഥാനികരുടെയും ആശിര്‍വാദത്തോടെ കോളിച്ചാലില്‍ നിന്നും സ്വീകരിച്ച് ആയിരക്കണക്കിന് ഭക്തരുടെ നേതൃത്വത്തില്‍ താലപ്പൊലി ,വാദ്യാഘോഷം, മുത്തു കുടകള്‍ എന്നിവയുടെ അകമ്പടിയോടുകൂടി മാനടുക്കത്തേക്ക് 5.30ന് പുറപ്പെടും. 7.30ന് മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര പരിസരത്ത് എത്തുന്ന ഘോഷയാത്ര ബാലിക ബാലന്മാരുടെ താലപ്പൊലിയോട് കൂടി കൊടിമരം ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിക്കും. ചുള്ളിക്കരയില്‍ നിന്നും കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതി സ്വീകരണം നല്‍കി കോളിച്ചാല്‍ വരെ അനുഗമിക്കും. തുടര്‍ന്ന് പനത്തടി പഞ്ചായത്ത് ഭരണ സമിതിയും കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണ സമിതിയും ചേര്‍ന്ന് സ്വീകരിച്ച് അനുഗമിക്കുമെന്നും, ഉച്ചയ്ക്ക് ഒരു മണിയോടുകൂടി എണ്ണപ്പാറയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും രാത്രി 7.30 ഓടു കൂടി മാനടുക്കത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിലറിയിച്ചു. ചെയര്‍മാന്‍ ആര്‍ മോഹൻകുമാര്‍, വൈസ് ചെയര്‍മാന്‍ സൂര്യനാരായണ ഭട്ട്, ജനറല്‍ കണ്‍വീനര്‍ പി കുഞ്ഞികണ്ണന്‍ തൊടുപ്പനം, ക്ഷേത്രം പ്രസിഡന്റ് അഡ്വക്കേറ്റ് എം നാരായണന്‍ നായര്‍, രക്ഷാധികാരി എ കെ ദിവാകരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *