പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ തദ്ദേശീയ മരങ്ങളുടെ നടീലിന്റെ ഉദ്ഘാടനം നടന്നു

പുല്ലൂര്‍: ചിത്താരി പുഴയുടെ കൈവഴി പുനരജീവന പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വാര്‍ഡ് 11ല്‍ വാരിക്കാട്ട് പച്ചിക്കാരന്‍ തറവാടിന് സമീപമുള്ള തോടിന് അരികിലാണ് തദ്ദേശീയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് . കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ (എ. ബി. എസ്.- ആക്‌സസ് ആന്‍ഡ് ബെനഫിറ്റ് ഷെയറിങ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബോര്‍ഡില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായത്തോടെ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ചിത്താരിപ്പുഴയുടെ കൈവഴി പുനരുജീവന പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ചിത്താരിപ്പുഴയുടെ ഇരുകരകളിലും കണ്ടുവരുന്ന അധിനിവേശ സസ്യങ്ങള്‍ പൂര്‍ണമായും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സാങ്കേതികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നീക്കം ചെയ്യുകയും തുടര്‍ന്ന് പുഴയുടെ കൈവഴിയില്‍ കണ്ടുവരുന്ന 12 ഓളം പ്രാദേശിക സസ്യങ്ങള്‍ സര്‍വ്വേ വഴി കണ്ടെത്തുകയും സസ്യങ്ങളുടെ നഴ്‌സറി തയ്യാറാക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സസ്യങ്ങള്‍ പുഴയോരത്ത് നട്ടു പരിപാലിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

മരം നടലിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.പി.എസ് നിര്‍വഹിച്ചു. അക്കേഷ്യ പോലുള്ള മരങ്ങള്‍ നാട്ടില്‍ നിന്നും നീക്കം ചെയ്ത് പ്രാദേശിക മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാവണമെന്നും കൂടാതെ ഇവ സംരക്ഷിക്കാനുള്ള കടമ നാട്ടിലെ ജനങ്ങള്‍ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള സല്‍പ്രവര്‍ത്തി ഉണ്ടായത് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ. കാര്‍ത്യായനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത,പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. സുമ, മെമ്പര്‍മാരായ പി . പ്രീതി, എ.ഷീബ, ടി . രാമകൃഷ്ണന്‍നായര്‍ , കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, ബയോഡൈവേഴ്‌സിറ്റി മാനേജ് മെന്റ് കമ്മിറ്റി കണ്‍വീനര്‍ ശ്യാംകുമാര്‍ പുറവങ്കര, ബയോഡൈവേഴ്‌സിറ്റി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അഖില വി.എം, ഷിജോ കെ.എ, നഫീസത്ത് ബീവി കെ.എ, ശ്രീജ.കെ എന്നിവര്‍ സംസാരിച്ചു. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ എം.വി നാരായണന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *