ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിനു വെള്ളിയാഴ്ച തുടക്കം

തിരുവനന്തപുരം: അഞ്ചാമത് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന്‍റെ സംസ്ഥാനതല ഉത്ഘാടനം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജില്‍ വെള്ളിയാഴ്ച രാവിലെ 11 ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി  നിര്‍വഹിക്കും.
ആയുര്‍വേദ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. ജി. ജയ് , ഡോ . ഷീല എസ് , ഡോ. രാജു തോമസ്, ഡോ.എസ്. സുനില്‍കുമാര്‍,  ഡോ. ഇന്ദുലേഖ, ഡോ. ഇന്നസന്‍റ് ബോസ്, ഡോ. ലക്ഷ്മി, പിജിഎസ്എ, എച്ച്എസ്എ, കോളേജ് യൂണിയന്‍  പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നവംബര്‍ 10 മുതല്‍ 30 വരെയാണ് ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയര്‍ നടക്കുക.  ‘ആയുര്‍വേദത്തിലൂടെ ആരോഗ്യത്തോടെ ജീവിക്കുക’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ എല്ലാ ജില്ലകളിലും റോഡ് ഷോ , പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ആയുര്‍വേദ ആഹാര്‍, ഔഷധ സസ്യ വിതരണം, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും ഫെയറിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ എഎച്ച്എംഎ, എഎംഎംഒഐ , ഗവ:അധ്യാപക സംഘടന, മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍, പിഎസിറ്റിഒ, എകെപിസിറ്റിഎ, എഎംഒഎ തുടങ്ങി കേരളത്തിലെ മുഴുവന്‍ ആയുര്‍വേദ സംഘടനകളും ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറില്‍ പങ്കാളികളാണ്.

ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്ന പ്രമേയത്തിലാണ് ജിഎഎഫ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *